താരങ്ങളെ ആരാധിക്കുന്ന ശിർക്ക്, ഏകദൈവ വിശ്വാസത്തിന് കളങ്കം, അധിനിവേശക്കാരായ പോർച്ചുഗലിനെ പിന്തുണയ്ക്കരുത്: സമസ്ത

വെള്ളി, 25 നവം‌ബര്‍ 2022 (13:10 IST)
താരാരാധന ഇസ്ലാമിക വിരുദ്ധവും ഏകദൈവ വിശ്വാസത്തിന് കളങ്കവുമാണെന്ന് സമസ്ത. താരങ്ങളുടെ കൂറ്റൻ കട്ടൗട്ടുകൾ വെയ്ക്കുന്നതും പോർച്ചുഗലിനെ പോലുള്ള രാജ്യങ്ങളെ പിന്തുണയ്ക്കുന്നതും തെറ്റാണെന്നും രാത്രിയിലെ കളി കാണൽ ആരാധനയെ തടസ്സപ്പെടുത്തുന്നുവെന്നും സമസ്ത നേതാവ് നാസർ ഫൈസി കൂടത്തായി പറഞ്ഞു.
 
ഞങ്ങൾ ഫുട്ബോളിനെ എതിർക്കുന്നില്ല. അതിനെ സ്പോർട്സ്മാൻ സ്പിരിറ്റായി കാണണം. മറിച്ച് ഒരു ലഹരിയായി അത് മാറുന്നത് നല്ല പ്രവണതയല്ല. സകല കുഗ്യാമങ്ങളിലും ലക്ഷങ്ങൾ മുടക്കിയുള്ള കട്ടൗട്ടുകളും ഫ്ലക്സ് ബോർഡുകളുമാണ് പ്രത്യക്ഷപ്പെടുന്നത്. ഭക്ഷണത്തിന് വകയില്ലാത്തവരും തൊഴിൽ ഇല്ലാത്തവരും ഈ ധൂർത്തിൽ പങ്കുചേരുന്നു. ഇത് കാല്പന്തുകളിയോടുള്ള സ്നേഹമല്ല. മറിച്ച് ഫുട്ബോൾ ഹീറോയോടുള്ള വീരാധാനയാണ്. ഇത്തരം അതിരുവിട്ട ആരാധന വളരെയധികം അപകടകരമാണ്.
 
കളിയെ സ്പോർട്സ്മാൻ സ്പിരിറ്റിൽ ഉൾകൊള്ളുന്നതിന് പകരം വ്യക്തി ആരാധനയായി മാറുന്നു. ഇന്ത്യയിലെ അധിനിവേശക്കാരും ക്രൂരന്മാരുമായ പോർച്ചുഗലിനെയും ഇസ്ലാമികവിരുദ്ധരായ രാജ്യങ്ങളെയും അന്ധമായി ഉൾകൊണ്ട് കൊണ്ട് അവരുടെ പതാക കെട്ടി നടക്കുന്നത് ശരിയായ രീതിയല്ലെന്നും ലോകകപ്പിലെ മത്സരങ്ങൾ കാണുന്നത് ജമാഅത്ത് നമസ്കാരങ്ങൾക്ക് ഭംഗം ഉണ്ടാക്കാൻ പാടില്ലെന്നും നമസ്കാരങ്ങളിൽ നിന്നും വിശ്വാസികളെ പിന്നോട്ടടുപ്പിക്കരുതെന്നും അദ്ദേഹം കൂട്ടിചേർത്തു.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍