നീരുവന്ന് മുട്ടിയ കണങ്കാല്‍, ആ വേദനയും സഹിച്ച് അവന്‍ ടീമിന് വേണ്ടി കളിച്ചു; നെയ്മറിന് കൈയടിച്ച് ഫുട്‌ബോള്‍ ലോകം, എന്തെങ്കിലും പറയാന്‍ സാധിക്കുക 48 മണിക്കൂറിന് ശേഷം !

വെള്ളി, 25 നവം‌ബര്‍ 2022 (09:12 IST)
ഫുട്‌ബോള്‍ ആരാധകരെ ഏറെ ആവേശം കൊള്ളിച്ച മത്സരമായിരുന്നു ബ്രസീല്‍-സെര്‍ബിയ. ആദ്യ പകുതിയ സമനിലയില്‍ പിരിഞ്ഞപ്പോള്‍ രണ്ടാം പകുതിയില്‍ എണ്ണംപറഞ്ഞ രണ്ട് ഗോളുകള്‍ സെര്‍ബിയന്‍ വലയില്‍ എത്തിച്ച് ബ്രസീല്‍ ഖത്തര്‍ ലോകകപ്പിലെ ആദ്യ വിജയം സ്വന്തമാക്കി. കളി തുടങ്ങും മുന്‍പ് എല്ലാ കണ്ണുകളും ബ്രസീല്‍ താരം നെയ്മറിലേക്ക് ആയിരുന്നു. നെയ്മറിന് സെര്‍ബിയയ്‌ക്കെതിരെ ഗോള്‍ അടിക്കാന്‍ സാധിച്ചില്ലെങ്കിലും താരം മൈതാനത്ത് നിറഞ്ഞു കളിച്ചു. അവസാന 11 മിനിറ്റ് ടീം ബെഞ്ചിലിരുന്ന് കളി കാണേണ്ട അവസ്ഥയും നെയ്മറിന് വന്നു. കണങ്കാലില്‍ ഏറ്റ പരുക്കിനെ തുടര്‍ന്നാണ് അത്. നെയ്മറിന്റെ പരുക്കിനെ തുടര്‍ന്നുള്ള കൂടുതല്‍ വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. 
 
മത്സരത്തിനിടെ സെര്‍ബിയന്‍ താരത്തിന്റെ മുട്ടുമായി കൂട്ടിയിടിച്ചാണ് നെയ്മറിന്റെ കണങ്കാലിന് പരുക്കേറ്റത്. കണങ്കാല്‍ നീരുവന്ന് മുട്ടിയ പോലെയാണ്. ഇതിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്. കണങ്കാലില്‍ പരുക്കേറ്റ ശേഷവും നെയ്മര്‍ ടീമിന് വേണ്ടി കളിച്ചു. കാലില്‍ ശക്തമായ വേദനയുണ്ടായിട്ടും അത് അവഗണിച്ചാണ് നെയ്മര്‍ കളിച്ചതെന്ന് മത്സരശേഷം ബ്രസീല്‍ ടീം ഡോക്ടര്‍ റോഡ്രിഗോ ലാസ്മര്‍ പറഞ്ഞു. 
 
വേദന തീരെ സഹിക്കാന്‍ പറ്റാതെ വന്നപ്പോള്‍ ആണ് അവസാന 11 മിനിറ്റ് നെയ്മറിന് സബ് ഇറക്കിയത്. അതുവരെ നെയ്മര്‍ ആ കാലും വെച്ച് കളിക്കുകയായിരുന്നു. ടീമിന് തന്നെ വേണമെന്ന് നെയ്മറിന് അറിയമായിരുന്നു - ലാസ്മര്‍ കൂട്ടിച്ചേര്‍ത്തു. 
 
' കളിയില്‍ ഉടനീളം നെയ്മറിന് കണങ്കാലില്‍ ശക്തമായ വേദനയുണ്ടായിരുന്നു. പക്ഷേ ടീമിനെ സഹായിക്കാന്‍ വേണ്ടി ഗ്രൗണ്ടില്‍ തുടരാന്‍ നെയ്മര്‍ തീരുമാനിച്ചു. തന്റെ ടീം കളിച്ചുകൊണ്ടിരിക്കുമ്പോള്‍ ഈ വേദന സഹിക്കാന്‍ അവനു സാധിക്കും എന്നതാണ്,' ബ്രസീല്‍ ടീം മാനേജര്‍ ടിറ്റെ പറഞ്ഞു. 
 
അതേസമയം, നെയ്മറിന്റെ പരുക്ക് ഗുരുതരമാണെന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്. നെയ്മറിന്റെ ലോകകപ്പ് ഭാവിയെ തന്നെ ഈ പരുക്ക് ബാധിക്കുമോ എന്ന ആശങ്കയാണ് ബ്രസീല്‍ ക്യാംപിലുള്ളത്. താരത്തെ ഫിസിയോ തെറാപ്പിക്ക് വിധേയമാക്കിയിരിക്കുകയാണ്. എംആര്‍ഐ സ്‌കാനിങ് റിപ്പോര്‍ട്ട് ലഭിച്ച ശേഷമേ എന്തെങ്കിലും പറയാന്‍ സാധിക്കൂ. 24 മുതല്‍ 48 മണിക്കൂര്‍ സമയം വരെ കാത്തിരിക്കണമെന്നാണ് ബ്രസീല്‍ ടീം മാനേജ്‌മെന്റ് നെയ്മറിന്റെ പരുക്കിനെ കുറിച്ച് പ്രതികരിച്ചത്. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍