ജൂലൈ 4 ദിലീപിന്‍റെ ഭാഗ്യദിനം, പക്ഷേ 2007ല്‍ സംഭവിച്ചതെന്ത്?

കെ ആര്‍ അനൂപ്
ശനി, 4 ജൂലൈ 2020 (13:21 IST)
ജനപ്രിയ നായകനായ ദിലീപിന് ജൂലൈ 4 ഒരു നല്ല ദിവസമാണ്. ആരാധകർ നെഞ്ചിലേറ്റിയ ‘ഈ പറക്കും തളിക' ഉൾപ്പെടെയുള്ള ദിലീപ് വിജയ ചിത്രങ്ങൾ തിയേറ്ററുകളിലെത്തിയത് ഈ ദിവസമാണ്. സി ഐ ഡി മൂസ, മീശ മാധവൻ, പാണ്ടിപ്പട എന്നീ സിനിമകളും ജൂലൈ 4 നാണ് റിലീസായത്. ജോണി ആന്റണി സംവിധാനം ചെയ്ത ചിത്രം മൂസ ഇന്നും സിനിമാ പ്രേമികളെ മിനിസ്ക്രീനിലൂടെ ചിരിപ്പിച്ചു കൊണ്ടിരിക്കുകയാണ്. 
 
ഹരിശ്രീ അശോകനും ദിലീപും കൂടി മലയാളി കരയാകെ ചിരിയുടെ മാലപ്പടക്കത്തിന് തീ കൊളുത്തിയ ഈ പറക്കും തളിക 2001ലെ ജൂലൈ 4 ലായിരുന്നു പ്രദര്‍ശനത്തിനെത്തിയത്. താഹ സംവിധാനം ചെയ്ത ഈ പറക്കും തളികയിൽ നായികയായെത്തിയത് നിത്യ ദാസായിരുന്നു.
 
2002 ജൂലൈ നാലിനാണ് മീശമാധവൻ തിയേറ്ററുകളിലെത്തിയത്. കള്ളൻ മാധവനും സംഘവും ഇന്നും ആരാധകരുടെ മനംകവർന്നു കൊണ്ടിരിക്കുകയാണ്. ലാൽ ജോസ് സംവിധാനം ചെയ്ത ചിത്രത്തിൽ കാവ്യ മാധവനായിരുന്നു നായികയായെത്തിയത്. 
 
റാഫി മെക്കാര്‍ട്ടിന്‍ സംവിധാനം ചെയ്ത പാണ്ടിപ്പട 2005 ജൂലൈ 4 നാണ് പുറത്തിറങ്ങിയത്. ദിലീപും നവ്യ നായരും ഒന്നിച്ച് അഭിനയിച്ച ചിത്രം  സിനിമാപ്രേമികളുടെ പ്രിയപ്പെട്ട ദിലീപ് സിനിമയാണ്.
 
എന്നാല്‍ ‘ജൂലൈ 4’ എന്ന പേരില്‍ തന്നെ ദിലീപ് ഒരു സിനിമ ചെയ്‌തപ്പോള്‍ അത് ജൂലൈ നാലിന് റിലീസ് ചെയ്യാന്‍ കഴിഞ്ഞില്ല. 2007 ജൂലൈ 4ന് ആ ജോഷി ചിത്രം റിലീസ് ചെയ്യാന്‍ ഒരുക്കങ്ങള്‍ എല്ലാം പൂര്‍ത്തിയായതാണ്. എന്നാല്‍ കഥയുമായി ബന്ധപ്പെട്ട് കോടതി നടപടികള്‍ പൂര്‍ത്തിയായി വന്നപ്പോള്‍ അന്നേ ദിവസം റിലീസ് ചെയ്യാന്‍ കഴിഞ്ഞില്ല. തൊട്ടടുത്ത ദിവസം, ജൂലൈ അഞ്ചിന് ആ ചിത്രം റിലീസായി. എന്നാല്‍ ആ സിനിമ ഒരു പരാജയമായിരുന്നു. 

അനുബന്ധ വാര്‍ത്തകള്‍

Next Article