ഞാൻ അന്ന് മനസിൽ കണ്ടതുപോലെ തന്നെയാണ് മരട് ഫ്ലാറ്റുകൾ നിലം‌പൊത്തിയത്, ഉടമകളുടെ വേദനയ്ക്ക് ആര് മറുപടി പറയും?: സംവിധായകൻ വിജി തമ്പി

ബിജു ഗോപിനാഥൻ
ഞായര്‍, 12 ജനുവരി 2020 (10:54 IST)
കേരളം ഇതുവരെ കണ്ടിട്ടില്ലാത്ത കാഴ്ചയായിരുന്നു മരട് ഫ്ലാറ്റിൽ കാണാൻ കഴിഞ്ഞത്. കൊച്ചി മരടിൽ വർഷങ്ങളുടെ അധ്വാനം കൊണ്ട് കെട്ടിപ്പെടുത്തിയ പടുകൂറ്റൻ ഫ്ലാറ്റുകൾ സെക്കൻഡുകൾ കൊണ്ട് മണ്ണിനടിയിലേക്ക് തകർന്നടിയുന്നത് നേരിൽ കണ്ടത് ലക്ഷങ്ങളാണ്. ഇതൊന്നും ഇവിടെ നടക്കില്ല എന്ന് പറഞ്ഞവർക്ക് പോലും അതിശയകരമായ കാഴ്ചയായിരുന്നു അത്. എന്നാൽ വർഷങ്ങൾക്ക് മുൻപ് സമാനമായ കാഴ്ച സംവിധായകൻ വിജി തമ്പി മലയാളികൾക്ക് മുന്നിലേക്ക് എത്തിച്ചിരുന്നു. 
 
2013ൽ ദിലീപ് നായകനായ നാടോടി മന്നൻ എന്ന ചിത്രത്തിൽ സംവിധായകൻ വിജി തമ്പി അവതരിപ്പിച്ച സംഭവങ്ങൾ തന്നെയാണ് ഇന്ന് നമ്മുടെ കൺ‌മുന്നിൽ സംഭവിച്ചത്. ഇതേക്കുറിച്ച് അദ്ദേഹം മലയാളം വെബ്ദുനിയയോട് പറയുന്നു.  
 
നാടോടിമന്നന്റെ കഥ എന്നുപറയുന്നത് ഇടത് - വലത് രാഷ്ട്രീയക്കാര്‍ക്കിടയില്‍ നിന്ന് സ്വതന്ത്രനായി ഒരാള്‍ ഒരു സിറ്റിയുടെ മേയര്‍ സ്ഥാനത്തേക്ക് വരുന്നതാണ്. അനധികൃത ബില്‍ഡിംഗുകള്‍ ഉണ്ടാകുന്നത് രാഷ്ട്രീയ സ്വാധീനം കൊണ്ടും ഉദ്യോഗസ്ഥരുടെ അഴിമതികൊണ്ടുമാണ്. അങ്ങനെ തന്നെയാണ് ഈ സിനിമയിലും. അനധികൃതമായി ഒരാള്‍ ഒരു കെട്ടിടം ഇങ്ങനെ കെട്ടിപ്പൊക്കുമ്പോള്‍ അത് അനധികൃതമാണെന്ന് മേയര്‍ മനസിലാക്കി അത് പൊളിക്കാന്‍ തീരുമാനിക്കുകയാണ്. 
 
പൊളിക്കാന്‍ തീരുമാനിക്കുമ്പോള്‍ ഒരുപാട് എതിര്‍പ്പും സമ്മര്‍ദ്ദവുമൊക്കെ വരുന്നു. അങ്ങനെ മുഖ്യമന്ത്രി മേയറെ വിളിപ്പിക്കുന്നു. നിങ്ങള്‍ ചെയ്യുന്നത് ശരിയല്ലെന്നും ഇത്രയും ജനസാന്ദ്രതയും കെട്ടിടങ്ങളും റോഡുകളുമൊക്കെയുള്ള ഒരു നഗരപ്രദേശത്ത് ഒരു കെട്ടിടം പൊളിക്കുന്നത് എത്രമാത്രം അപകടമുണ്ടാക്കും എന്നൊക്കെ ചോദിക്കുന്നു. അപ്പോഴാണ് മേയര്‍ ഇങ്ങനെയൊരു ടെക്‍നോളജിയെക്കുറിച്ച് മുഖ്യമന്ത്രിയെ പറഞ്ഞ് മനസിലാക്കിക്കൊടുക്കുന്നത്.
 
എനിക്ക് ഇങ്ങനെ ഒരു ഐഡിയ വന്നത് വേള്‍ഡ് ട്രേഡ് സെന്‍റര്‍ വിമാനമിടിപ്പിച്ച് തകര്‍ന്ന സംഭവമുണ്ടായപ്പോള്‍ അതുമായി ബന്ധപ്പെട്ട് എവിടെയോ ഈ രീതിയില്‍ വലിയ ഒരു ബില്‍ഡിംഗ് തകര്‍ക്കുന്നതിന്‍റെ വിഷ്വല്‍ കണ്ടത് ഓര്‍മ്മയിലുണ്ടായിരുന്നു. കമ്പ്യൂട്ടറൈസ്ഡ് കണ്‍‌ട്രോള്‍ഡ് ഡെമോളിഷന്‍ എന്നാണ് ഇതിന് പറയുന്നത്. കണ്‍സ്‌ട്രക്ഷനില്‍ അപാകത വന്ന ഒരു ബാങ്ക് ബില്‍ഡിംഗ് പൊളിക്കുന്നതിന്‍റെ വിഷ്വലാണ് ഞാന്‍ ഇതുമായി ബന്ധപ്പെട്ട് ആദ്യം കാണുന്നത്. പിന്നീട് സെര്‍ച്ച് ചെയ്‌തുചെയ്‌ത് ഒരുപാട് ഇത്തരം വീഡിയോസ് കണ്ടു. 
 
മനുഷ്യന്റെ ആയുസ് പോലെ തന്നെ കെട്ടിടങ്ങൾക്കും അവയുടേതായ ആയുസുണ്ട്. അത് അവസാനിക്കാറാകുമ്പോൾ പൊളിച്ചുകളയുകതന്നെ വേണം. വിദേശരാജ്യങ്ങളിലൊക്കെ ഇത് സാധാരണ സംഭവമാണ്. അവിടെയൊക്കെ 15 വർഷമൊക്കെയാകുമ്പോൾ കാറുകൾ ഡെമോളിഷ് ചെയ്യാറുണ്ട്. എന്നാൽ ഈ രീതിയിൽ അനധികൃത കെട്ടിടങ്ങൾ തകർക്കുന്നത് ഞാനും ആദ്യമായി കാണുകയാണ്.
 
നാടോടിമന്നന്റെ ക്ളൈമാക്സിൽ ഇങ്ങനെയൊരു ഡെമോളിഷൻ വേണമെന്ന് ആലോചിച്ചപ്പോൾ അതിന്റെ പ്രോസസ് എങ്ങനെയായിരിക്കുമെന്ന് ആർക്കും അറിയില്ല. അങ്ങനെയാണ് സ്പെയിനിൽ ഉള്ള ഒരു കമ്പനിയുടെ അധികൃതരുമായി ഇക്കാര്യത്തെപ്പറ്റി ആലോചിക്കുന്നത്. അവരാണ് ഇതേപ്പറ്റി പറഞ്ഞുതരുന്നത്. കെട്ടിടത്തിന്റെ പില്ലറുകളിൽ ഡ്രിൽ ചെയ്ത് സ്ഫോടകവസ്തുക്കൾ നിറയ്ക്കുകയും പൂർണമായും വയറിംഗ് നടത്തി അത് ഒരു ഒറ്റ കണക്ഷനിലേക്ക് കൊണ്ടുവരികയും ചെയ്യണം. ഒറ്റ സ്വിച്ച് അമർത്തിയാൽ നിമിഷങ്ങൾക്കുള്ളിൽ സ്ഫോടനം നടക്കണം. ആ രീതിയിലാണ് കാര്യങ്ങൾ ചെയ്യുന്നത്. 
 
അവർ പറഞ്ഞുതന്നത് അനുസരിച്ചാണ് നമ്മൾ ആ പ്രോസസ് വിഷ്വലൈസ് ചെയ്തത്. മുഴുവൻ കമ്പ്യൂട്ടർ ഗ്രാഫിക്സിലാണ് ചെയ്തിരിക്കുന്നത്. ഇപ്പോൾ മരടിൽ കെട്ടിടങ്ങൾ ഡെമോളിഷ് ചെയ്യുന്നത് കാണുമ്പോൾ ഒരു സംവിധായകൻ എന്ന നിലയിൽ ഏറെ അഭിമാനം തോന്നിയ നിമിഷങ്ങളായിരുന്നു അത്. കാരണം ഞാൻ വർഷങ്ങൾക്ക് മുമ്പ് എന്ത് മനസ്സിൽ കണ്ടോ അതാണ് ഇന്ന് ഇവിടെ സംഭവിച്ചിരിക്കുന്നത്. 
 
എന്നാൽ നാടോടിമന്നൻ ഇറങ്ങിയ സമയത്ത് ഈ ക്ളൈമാക്സിനെ പലരും വലിയ രീതിയിൽ വിമർശിക്കുകയാണ് ചെയ്തത്. ലോകത്തിൽ ഇങ്ങനെയൊക്കെ എവിടെയെങ്കിലും നടക്കുമോ എന്നാണ് ചിലർ ചോദിച്ചത്. ഈ രീതിയിൽ ബിൽഡിംഗുകൾ പൊളിക്കാൻ കഴിയുമോ എന്ന്. ഈ സിനിമ ചിത്രീകരിച്ചുകഴിഞ്ഞ് ക്ളൈമാക്സിലെ സി ജി വർക്കുകൾക്കായി ഏകദേശം ഒരു വർഷത്തോളം താമസമെടുത്തു. ഇത്രയും വൈകാൻ എന്താ കാരണം, ടൈറ്റാനിക്കാണോ ഉണ്ടാക്കുന്നത് എന്നൊക്കെ ചോദിച്ചവരുണ്ട്. 
 
ഇന്നത്തെപ്പോലെ ഡിജിറ്റൽ ചിത്രീകരണമായിരുന്നില്ല അന്ന്. ഫിലിമിലാണ് നാടോടിമന്നൻ ഷൂട്ട് ചെയ്തത്. ഈ രംഗങ്ങൾ യാഥാർത്ഥ്യമാക്കാൻ ഏറെ അധ്വാനം വേണ്ടിവന്നിട്ടുണ്ട്. സഞ്ജീവ് ശങ്കറായിരുന്നു ക്യാമറാമാൻ. ചെന്നൈയിലാണ് സി ജി വർക്കുകളൊക്കെ ചെയ്‌തത്‌. എറണാകുളം കിൻഫ്രയിലെ ഒരു ഓപ്പൺ ഗ്രൗണ്ടിലാണ് ക്ളൈമാക്സ് പോർഷൻ ചിത്രീകരിച്ചിരിക്കുന്നത്. അവിടെയുള്ള ഒന്നോ രണ്ടോ ബിൽഡിംഗുകൾ ഒഴികെ ബാക്കിയുള്ളതെല്ലാം സി ജിയിലൂടെ ക്രിയേറ്റ് ചെയ്‌ത്‌ കൊണ്ടുവരികയായിരുന്നു. നിങ്ങൾ നോക്കുക, മരടിൽ കെട്ടിടം തകർത്തതിന്റെ പ്രോസസും ആ ടീമിലുള്ളവരുടെ ഡ്രസും കെട്ടിടം വീണപ്പോൾ ഉയർന്ന പുകയും പൊടിയും ഒക്കെ. അതെല്ലാം വർഷങ്ങൾക്ക് മുമ്പ് നാടോടിമന്നൻ സിനിമയുടെ ക്ളൈമാക്സില് കണ്ട അതേ ദൃശ്യങ്ങൾ തന്നെ അല്ലേ. അതാണ് എനിക്ക് അഭിമാനവും സംതൃപ്തിയും നൽകുന്നത്. 
 
എന്നാൽ, ആ രീതിയിൽ സന്തോഷം നൽകുന്നുണ്ടെങ്കിലും ഇതിനൊരു മറുവശം കൂടിയുണ്ട്. ഈ ഫ്‌ളാറ്റുകൾ വാങ്ങിയ മനുഷ്യർ ചെയ്ത തെറ്റെന്താണ്? അവർ അവരുടെ ആയുഷ്കാലത്തെ സമ്പാദ്യം മുഴുവൻ ചേർത്തുവച്ചും ലോണെടുത്തതുമെല്ലാം ഇനിയുള്ള കാലം ജീവിക്കാനായി ഒരു ഫ്‌ളാറ്റ് വാങ്ങിച്ചു. അത് മാത്രമാണ് അവർ ചെയ്തത്. ബിൽഡേഴ്‌സും രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരും ചേർന്നുനടത്തിയ അഴിമതിയിലും ചതിയിലും അവർ ഇരയാക്കപ്പെട്ടു. അവരുടെ നഷ്ടത്തിനും വേദനയ്ക്കും കണ്ണീരിനും അവർ അനുഭവിച്ച മാനസിക സംഘർഷത്തിനുമൊക്കെ എന്ത് പകരം നൽകിയാലാണ് മതിയാവുക? അവർക്ക് ചെലവായത്തിലും കൂടുതൽ തുക നഷ്ടപരിഹാരമായി നൽകാൻ കോടതി വിധിക്കണമെന്നാണ് എന്റെ ആഗ്രഹം. ബിൽഡേഴ്‌സിൽ നിന്നും അനുമതി നൽകിയ രാഷ്ട്രീയക്കാരിൽ നിന്നും ഉദ്യോഗസ്ഥരിൽ നിന്നുമൊക്കെ ആ തുക ഈടാക്കണം. അക്ഷരാർത്ഥത്തിൽ ഇതൊരു പാഠമാണ്. ഈ രീതിയിൽ അനധികൃതമായ ഒരു ബിൽഡിംഗ് ഇനി ഉണ്ടാകാതിരിക്കട്ടെ.

അനുബന്ധ വാര്‍ത്തകള്‍

Next Article