തെരഞ്ഞെടുപ്പ് ഫലമെന്തായാലും ഇന്നസെന്‍റിന് പ്രശ്നമല്ല!

Webdunia
ചൊവ്വ, 6 മെയ് 2014 (21:05 IST)
ലോക്സഭാ തെരഞ്ഞെടുപ്പിന്‍റെ ഫലം എന്തായാലും ചാലക്കുടിയിലെ ഇടതുപക്ഷ സ്ഥാനാര്‍ത്ഥി ഇന്നസെന്‍റിന് പ്രശ്നമല്ല. ജയിച്ചാലും തോറ്റാലും അത് ഒരേ മനോഭാവത്തോടെ നേരിടുമെന്ന നിലപാടിലാണ് ഇന്നച്ചന്‍. തെരഞ്ഞെടുപ്പിന്‍റെ തിരക്കുകള്‍ക്ക് ശേഷം ഇപ്പോള്‍ ഇന്നസെന്‍റ് ഒരു സിനിമയുടെ തിരക്കിലാണ്.
 
ജോണി ആന്‍റണി സംവിധാനം ചെയ്യുന്ന ‘ഭയ്യാ ഭയ്യാ’ എന്ന സിനിമയില്‍ കുഞ്ചാക്കോ ബോബന്‍റെ പിതാവായാണ് ഇന്നസെന്‍റ് അഭിനയിക്കുന്നത്. ഒരു ബംഗാളി പയ്യനെ എടുത്തുവളര്‍ത്തി വലുതാക്കുന്ന പിതാവാണ് ഇന്നസെന്‍റ്. ചിത്രത്തിന് ആദ്യം ‘ബംഗാളിക്കഥ’ എന്നാണ് പേരിട്ടിരുന്നത്. പിന്നീട് ‘ഭയ്യാ ഭയ്യാ’ എന്നാക്കി മാറ്റുകയായിരുന്നു.
 
ബെന്നി പി നായരമ്പലം തിരക്കഥയെഴുതുന്ന ഈ സിനിമയില്‍ കുഞ്ചാക്കോബോബനൊപ്പം ബിജു മേനോനോനും നായകതുല്യ കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
 
പുതുപ്പള്ളിയിലെ ലൊക്കേഷനിലാണ് ഇപ്പോള്‍ ഇന്നസെന്‍റുള്ളത്. ഉമ്മന്‍‌ചാണ്ടിയുടെ വീടിന് തൊട്ടടുത്താണ് സിനിമയുടെ ലൊക്കേഷന്‍. 16ന് വോട്ടെണ്ണലിന് മുമ്പ് ചാലക്കുടിയില്‍ ഇന്നസെന്‍റ് തിരിച്ചെത്തും. ‘ഞാന്‍ ജയിക്കുമെന്ന് എന്‍റെ പാര്‍ട്ടിക്കാര്‍ പറയുന്നു. എതിരാളി ജയിക്കുമെന്ന് അദ്ദേഹത്തിന്‍റെ പാര്‍ട്ടിക്കാര്‍ പറയുന്നു. എന്തായാലും മേയ് 16ന് കാത്തിരുന്ന് കാണാം’ - ഇന്നസെന്‍റ് നയം വ്യക്തമാക്കി.
 
ദേശീയ അവാര്‍ഡ് ജേതാക്കളായ സുരാജ് വെഞ്ഞാറമ്മൂടിനും സലിം കുമാറിനുമൊപ്പം ഈ സിനിമയില്‍ അഭിനയിക്കാന്‍ കഴിയുന്നതില്‍ അഭിമാനമുണ്ടെന്നും ഇന്നസെന്‍റ് പറഞ്ഞു.