ഐശ്വര്യ പ്രധാന്‍- ഒരു പേര് മാത്രമല്ല, ആള്‍ക്കൂട്ടത്തില്‍ ഒറ്റപ്പെട്ടുപോകുന്ന അനേകം പേരുടെ പ്രതീക്ഷയും പ്രചോദനവുമാണ്. ആണും പെണ്ണും കെട്ടവന്‍ എന്ന വിളിയില്‍ ജീവിതത്തിലെ നിറമുള്ള സ്വപ്‌നങ്ങളെല്ലാം കുഴിച്ചുമൂടുന്നവര്‍ ഐശ്വര്യയുടെ കഥ കേള്‍ക്കണം. ആ വിളിയുടെ അഗ്നിയില്‍ നിന്നും ഒരു ഫീനിക്‌സ് പക്ഷിയെ പോലെ പറന്നുയര്‍ന്ന് ഇന്ത്യയിലെ ആദ്യ ഭിന്നലിംഗ സിവില്‍ സര്‍വ്വീസ് ഉദ്യാഗസ്ഥയായി ഐശ്വര്യ ഋതുപര്‍ണ പ്രധാന്‍
ഒഡിഷയിലെ ഉള്‍നാടന്‍ ഗ്രാമത്തില്‍ ജനിച്ച ഐശ്വര്യയുടെ ആദ്യ പേര് രതികണ്ഠ പ്രധാന്‍ എന്നായിരുന്നു. ആണായി സമൂഹം വിലയിരുത്തിയ താന്‍ പെണ്ണായി മാറുന്നുവെന്ന് തിരിച്ചറിഞ്ഞതോടെ ജീവതം ദുസ്സഹമായി തുടങ്ങിയെന്ന് ഐശ്വര്യ ഓര്‍ക്കുന്നു. അധിക്ഷേപത്തിനൊപ്പം ലൈംഗികാതിക്രമം കൂടിയുള്ള നാളുകളെ ഐശ്വര്യ മറികടന്നത് വിദ്യാഭ്യസത്തിലൂടെയും. ഭുവനേശ്വറില്‍ നിന്നും പൊതു ഭരണത്തില്‍ ബിരുദാനന്തര ബിരുദവും ഇഗ്ലീഷ് ജേണലിസം യോഗ്യതയും നേടി ഐശ്വര്യ സിവില്‍ സര്‍വ്വീസിനായി പരിശ്രമം ആരംഭിച്ചു. 2010ല്‍ സിവില്‍ സര്‍വ്വീസില്‍ പ്രവേശനം നേടി. അന്ന് ആണ്‍ പെണ്‍ എന്ന് മാത്രം ഉണ്ടായിരുന്ന കോളത്തില്‍ ആണെന്നും പേര് രതികണ്ഠ പ്രധാന്‍ എന്നും എഴുതി നല്‍കി.
പിന്നെയും അഞ്ച് വര്‍ഷങ്ങള്‍ കഴിഞ്ഞ് കോടതി വിധിയുടെ പിന്‍ബലത്തില്‍ തന്റെ അസ്തിത്വം വിളിച്ച് പറയാന്‍ ഐശ്വര്യ തീരുമാനിച്ചത്. 2014 ഏപ്രില്‍ 15ന് പുരുഷന്‍ സ്ത്രീ എന്നതിനു പുറമെ മൂന്നാം ലിംഗക്കാരെയും അംഗീകരിച്ചുകൊണ്ട് അവര്‍ക്കും ഭരണഘടനാധികാരം നല്‍കികൊണ്ടുള്ള വിധി വന്നത് ഐശ്വര്യയ്ക്ക് പ്രചോദനമായി. തുടര്‍ന്ന് കോടതിയില്‍ ഐശ്വര്യ ഹര്‍ജി ഫയല്‍ ചെയ്തു. '' ഐശ്വര്യ പ്രധാന്‍ എന്ന വനിതയാണ് ഞാന്‍'' എന്ന സത്യവാങ്മൂലവും തന്റെ സര്‍വ്വീസ് രേഖകള്‍ തിരുത്തി നല്‍കണമെന്നും. ഹര്‍ജിയില്‍ അനുകൂല വിധി ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് ഐശ്വര്യ.