നായ്‌ക്കളില്‍ നിന്നു പകരുന്ന അപൂര്‍വരോഗം പന്ത്രണ്ടുകാരിയില്‍ കണ്ടെത്തി

വെള്ളി, 11 മാര്‍ച്ച് 2016 (04:11 IST)
നായ്‌ക്കളില്‍നിന്നു കൊതുകുകളിലൂടെ പകരുന്ന അത്യപൂര്‍വ ഡൈറോഫൈലേറിയാസിസ്‌ എന്ന മാരക വിരയുടെ സാന്നിധ്യം പന്ത്രണ്ടുകാരിയില്‍ കണ്ടെത്തി. നെഞ്ചുവേദനയെ തുടര്‍ന്നാണ് കുട്ടിയെ ഒരു സ്വകാര്യ ആശുപത്രിയില്‍ ചികിത്സയ്ക്കായി എത്തിച്ചത്. പരിശോധനയില്‍ നെഞ്ചിലെ അസ്‌ഥികള്‍ക്കുമുകളില്‍ ചെറിയ മുഴ കണ്ടെത്തി. അള്‍ട്രാസൗണ്ട്‌ പരിശോധനയില്‍ മുഴയ്‌ക്കുള്ളില്‍ ജീവനുള്ള വിര ഉള്ളതായി ബോധ്യപ്പെട്ടു. തുടര്‍ന്ന്‌ പീഡിയാട്രിക്‌ സര്‍ജന്‍ ഡോ പി എസ്‌ ബിനുവിന്റെ നേതൃത്വത്തില്‍ മുഴ നീക്കം ചെയ്‌തു. 
 
പതോളജിസ്‌റ്റ്‌ ഡോ എലിസബത്ത്‌ ജോര്‍ജ്‌, മൈക്രോബയോളജിസ്‌റ്റ്‌ ഡോ വിനോദ്‌ ഫ്രാങ്ക്‌ളിന്‍ എന്നിവരാണ്‌ ഇത്‌ ഡോഗ്‌ വേം ആണെന്നു സ്‌ഥിരീകരിച്ചത്‌. കൊതുകുകടിയിലൂടെ മനുഷ്യരിലെത്തി വിരയായി രൂപം പ്രാപിക്കുന്ന ലാര്‍വയാണ് ഇത്. സംസ്‌ഥാനത്ത്‌ വിവിധ പ്രദേശങ്ങള്‍ കേന്ദ്രീകരിച്ച്‌ നടത്തിയ പഠനങ്ങളില്‍ 7 മുതല്‍ 24 ശതമാനം വരെ നായ്‌ക്കളുടെ രക്‌തത്തില്‍ ഡൈറോഫൈലേറിയാസിസ്‌ ലാര്‍വകളുടെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്‌. 
 
നായ്‌ക്കളെ കൊതുക്‌ കുത്തുമ്പോള്‍ രക്‌തത്തോടൊപ്പം ലാര്‍വയും കൊതുകുകളില്‍ പ്രവേശിക്കുന്നു. ഈ കൊതുകുകള്‍ മനുഷ്യനെ കടിക്കുമ്പോഴാണ്‌ രോഗം പകരുന്നത്‌. ശ്വാസകോശം, കണ്ണ്‌, ചര്‍മം എന്നിവിടങ്ങളിലാണ് സാധാരണഗതിയില്‍ ഈ വിരയെ കണ്ടുവരുന്നത്.

വെബ്ദുനിയ വായിക്കുക