കേരളത്തെ ഞെട്ടിച്ച ദുരഭിമാനകൊലയിൽ നിന്നും നീനുവും കെവിന്റെ കുടുംബവും ഇപ്പോഴും മുക്തമായിട്ടില്ല. കെവിന്‍ വധക്കേസ് നിര്‍ണായക ഘട്ടത്തിലേക്ക് നീങ്ങവെ പുതിയ ആരോപണവുമായി നീനുവിന്റെ പിതാവ് ചാക്കോ രംഗത്തെത്തിയിരുന്നു. നീനു ഒരു മാനസിക രോഗിയാണെന്നായിരുന്നു ചാക്കോയുടെ ആരോപണം.
എന്നാൽ, താൻ മാനസികരോഗി അല്ലെന്നും മാനസികരോഗത്തിന് ഇതുവരെ ട്രീറ്റ്മെന്റ് എടുത്തിട്ടില്ലെന്നും നീനു പറയുന്നു. തനിക്ക് സ്വന്തം മാതാപിതാക്കളുടെ കൂടെ പോകേണ്ടെന്നും അവരുടെ സംരക്ഷണയിൽ ഇനി വളരേണ്ടെന്നും നീനു പറയുന്നു. കെവിന്റെ ജീവനെടുത്തവരുടെ സംരക്ഷണം സ്വീകരിക്കില്ലെന്നും നീനു മനോരമ ന്യൂസിനോടു പറഞ്ഞു.
നീനുവിന്റെ വാക്കുകളിലൂടെ:
‘അഞ്ച് മുതൽ പത്ത് വരെ വീട്ടിൽ നിന്നാണ് പഠിച്ചത്. അതുകഴിഞ്ഞ് ഹോസ്റ്റലിൽ ആയിരുന്നു. ചെറിയ ചെറിയ കാര്യങ്ങൾക്ക് വരെ തല്ലുമായിരുന്നു. കൈകൊണ്ടായിരുന്നു തല്ലിയിരുന്നത്. തല ഭിത്തിക്കിട്ടിടിക്കും, അടിവയറ്റിന് ചവിട്ടും, പപ്പയാണ് കൂടുതലും ഉപദ്രവിക്കുക. വീട്ടിൽ മാനസികമായും ശാരീരികമായും പീഡനം ഏൽക്കേണ്ടി വന്നിട്ടുണ്ട്. ‘
‘എല്ലാ വിഷമങ്ങളും പ്രശ്നങ്ങളും പറഞ്ഞിരുന്നത് കെവിൻ ചേട്ടനോടായിരുന്നു. A ടു Z വരെയുള്ള കാര്യങ്ങൾ കെവിൻ ചേട്ടന് അറിയാമായിരുന്നു. എത്ര പ്രശ്നമുണ്ടെങ്കിലും എന്നേയും കെവിൻ ചേട്ടനേയും വിളിച്ച് ഉപദേശിക്കുകയോ വഴക്കുണ്ടാക്കുകയോ ചെയ്യാമായിരുന്നു, പക്ഷേ ഒരു ജീവനെടുക്കാനുള്ള അവകാശമൊന്നും വീട്ടുകാർക്കില്ല.‘
നീനുവിന് മാനസിക പ്രശ്‌നങ്ങള്‍ ഉണ്ടെന്നും ചികിത്സ തേടിയിരുന്നുവെന്നുമാണ് പിതാവ് വ്യതമാക്കിയത്. തിരുവനന്തപുരം അനന്തപുരി ആശുപത്രിയിലാണ് ചികിത്സ നടത്തിയിരുന്നത്. കെവിന്റെ വീട്ടില്‍ നില്‍ക്കുന്ന മകളുടെ ചികിത്സ ഇപ്പോള്‍ മുടങ്ങിയിരിക്കുകയാണെന്നും കോടതിയില്‍ സമര്‍പ്പിച്ച അപേക്ഷയില്‍ ചാക്കോ വ്യക്തമാക്കുന്നു.
നീനുവിന്റെ ചികിത്സ തുടരാന്‍ അധികൃതര്‍ ഇടപെടണമെന്നും കോടതിയില്‍ നല്‍കിയാ അപേക്ഷയില്‍ ചാക്കോ ചൂണ്ടിക്കാട്ടുന്നു.
അതേസമയം, കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി നീനുവിന്റെ അമ്മ രഹ്ന ഹൈക്കോടതിയെ സമീപിച്ചു. കേസിൽ തന്നെ കുടുക്കാൻ അന്വേഷണം സംഘം ശ്രമിക്കുന്നുണ്ട്. കെവിന്റെ മരണത്തില്‍ തനിക്ക് കേസിൽ ഒരു പങ്കുമില്ല. കൊലപാതക വിവരം താനറിഞ്ഞില്ല. കേസുമായി തനിക്ക് ഒരു ബന്ധവുമില്ലെങ്കിലും അറസ്‌റ്റ് ചെയ്യപ്പെടാന്‍ സാധ്യതയുണ്ടെന്നും രഹ്ന മുൻകൂർ ജാമ്യഹർജിയിൽ വ്യക്തമാക്കിയിട്ടുണ്ട്.