Operation Sindoor: എല്ലാവരുടെയും ശ്രദ്ധ മോക് ഡ്രില്ലിലേക്കു തിരിച്ചുവിട്ട് ഇന്ത്യയുടെ 'കൗണ്ടര്‍ അറ്റാക്ക്'; പേരിട്ടത് മോദി

രേണുക വേണു

ബുധന്‍, 7 മെയ് 2025 (12:57 IST)
Operation Sindoor: പഹല്‍ഗാം ഭീകരാക്രമണത്തിനു തിരിച്ചടി നല്‍കാന്‍ ഇന്ത്യന്‍ പ്രതിരോധ മന്ത്രാലയം പദ്ധതികളിട്ടത് വളരെ ശ്രദ്ധാപൂര്‍വ്വം. രാജ്യത്ത് മോക് ഡ്രില്‍ നടക്കാന്‍ പോകുകയാണെന്ന് അറിയിച്ച് അതിന്റെ മറവില്‍ എതിരാളികള്‍ക്ക് 'പണി' കൊടുക്കുകയായിരുന്നു ഇന്ത്യ. 
 
പഹല്‍ഗാം ഭീകരാക്രമണത്തിനു പിന്നാലെ ഇന്ത്യ-പാക്കിസ്ഥാന്‍ ബന്ധം കൂടുതല്‍ മോശമായി. യുദ്ധസമാന സാഹചര്യമെന്നാണ് ഇന്ത്യ ഇതിനെ വിലയിരുത്തിയത്. ജാഗ്രതയുടെ ഭാഗമായി രാജ്യത്ത് മോക് ഡ്രില്‍ നടത്താന്‍ തീരുമാനിച്ചതും അതിനാലാണ്. എപ്പോള്‍ വേണമെങ്കിലും ഒരു യുദ്ധം വന്നേക്കാമെന്നും അതിനു മുന്‍കരുതല്‍ ആയാണ് മോക് ഡ്രില്‍ നടത്തുന്നതെന്നും പ്രതിരോധമന്ത്രാലയം വ്യക്തമാക്കിയിരുന്നു. എന്നാല്‍ മോക് ഡ്രില്ലിനു മണിക്കൂറുകള്‍ മുന്‍പ് ഇന്ത്യയുടെ 'കൗണ്ടര്‍ അറ്റാക്ക്' എത്തി, പ്രധനമന്ത്രി നരേന്ദ്ര മോദി നിര്‍ദേശിച്ച 'ഓപ്പറേഷന്‍ സിന്ദൂര്‍' എന്ന പേരില്‍. 
 
ഇന്ത്യയിലെ മോക് ഡ്രില്ലിനെ കുറിച്ചായിരുന്നു ഇന്നലെ എല്ലായിടത്തും ചര്‍ച്ചകള്‍. ഈ സമയം പഹല്‍ഗാം ഭീകരാക്രമണത്തിനു തിരിച്ചടി നല്‍കാനുള്ള പദ്ധതികള്‍ പൂര്‍ത്തിയാക്കുകയായിരുന്നു സൈന്യം. ലഷ്‌കര്‍ ഇ തൊയ്ബയുടെ ശക്തികേന്ദ്രങ്ങളില്‍ അടക്കം ഇന്ത്യന്‍ സൈന്യം ആക്രമിച്ചു. റഫാല്‍ ഫൈറ്റര്‍ ജെറ്റ് ഉപയോഗിച്ചാണ് ഇന്ത്യ വ്യോമാക്രമണം നടത്തിയത്. ഭീകരവാദികളുടെ കേന്ദ്രങ്ങള്‍ കൃത്യമായി കണ്ടെത്തി തക്കതായ മറുപടി നല്‍കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി സൈന്യത്തിനു നിര്‍ദേശം നല്‍കിയിരുന്നു. പ്രതിരോധ മന്ത്രാലയം സ്ഥിതിഗതികള്‍ നിരീക്ഷിച്ചു സൈന്യവുമായി എപ്പോഴും ബന്ധപ്പെട്ടിരുന്നു. 
 
പഹല്‍ഗാം ഭീകരാക്രമണത്തില്‍ 26 പേരാണ് കൊല്ലപ്പെട്ടത്. ഈ ഭീകരാക്രമണം ഇന്ത്യയിലെ 25 സ്ത്രീകളെയാണ് വിധവകളാക്കിയത്. ഭീകരാക്രമണത്തില്‍ വിധവകളാക്കപ്പെട്ട സ്ത്രീകളുടെ കണ്ണീരിനുള്ള മറുപടിയായാണ് പ്രത്യാക്രമണത്തിനു ഇന്ത്യന്‍ സേന 'ഓപ്പറേഷന്‍ സിന്ദൂര്‍' എന്നു പേരിട്ടത്. 
 
തങ്ങള്‍ വിവാഹിതരാണെന്നു സൂചിപ്പിക്കാന്‍ ഇന്ത്യയിലെ ഹിന്ദു സ്ത്രീകള്‍ നെറ്റിയില്‍ ധരിക്കുന്ന വസ്തുവാണ് സിന്ദൂരം. ഭര്‍ത്താവിനെ നഷ്ടപ്പെടുന്നതോടെ സ്ത്രീകള്‍ സിന്ദൂരം തൊടുന്നതും ഒഴിവാക്കും. ഇന്ത്യയിലെ സ്ത്രീകളുടെ സിന്ദൂരം മായ്ക്കാന്‍ കാരണക്കാരായ ഭീകരവാദികള്‍ക്കു നല്‍കുന്ന മറുപടിയായതുകൊണ്ട് 'ഓപ്പറേഷന്‍ സിന്ദൂര്‍' എന്ന പേര് തീരുമാനിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഈ പേര് തിരഞ്ഞെടുത്തതെന്ന് വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍