പാകിസ്ഥാനില്‍ ഭീകരകേന്ദ്രങ്ങള്‍ക്കെതിരെ ആക്രമണം നടത്തിയ ഇന്ത്യന്‍ നടപടിക്ക് തിരിച്ചടിയുണ്ടാകുമെന്ന് വ്യക്തമാക്കി പാകിസ്ഥാന്‍. പഹല്‍ഗാം ആക്രമണത്തിന് തിരിച്ചടിയായാണ് പാക് പ്രദേശത്തെ ഒന്‍പത് ഇടങ്ങളില്‍ ഇന്ത്യ ആക്രമണം നടത്തിയതിന് പിന്നാലെയാണ് പ്രമുഖ പാക് നേതാക്കള്‍ പ്രതികരണവുമായി എത്തിയത്. ഇന്ത്യയുടെ നടപടിക്ക് എതിരെ തിരിച്ചടിക്കാന്‍ പാകിസ്ഥാന് അവകാശമുണ്ടെന്നായിരുന്നു വിഷയത്തില്‍ പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിന്റെ ആദ്യ പ്രതികരണം.
പ്രകോപനമില്ലാതെ ഇന്ത്യ യുദ്ധത്തിന് മുതിരുന്നു എന്നാണ് പാക് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ പ്രതികരിച്ചത്.ഇന്ത്യന്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട സ്ത്രീകളും കുട്ടികളും സാധാരണക്കാരാണെന്നും പാകിസ്ഥാന്‍ ആരോപിച്ചു. ഭീകരവാദം എന്ന വ്യാജ ആരോപണം ഉന്നയിച്ച് ഇന്ത്യ പ്രാദേശിക സമാധാനം ഇല്ലാതെയാക്കുകയാണെന്നും ഇന്ത്യന്‍ നടപടി 2 ആണവ രാഷ്ട്രങ്ങളെ വലിയ സംഘര്‍ഷത്തിലേക്ക് നയിക്കുകയാണെന്നും പ്രസ്താവനയില്‍ മുന്നറിയിപ്പായി പാകിസ്ഥാന്‍ പറയുന്നു.