Mockdrills: 4 മണിക്ക് സൈറൻ മുഴങ്ങും, പരിഭ്രാന്തരാകരുത്, വീടുകളിൽ തുടരുന്നവർ എന്ത് ചെയ്യണം, മോക്ഡ്രില്ലിനെ പറ്റി കൂടുതലറിയാം

അഭിറാം മനോഹർ

ബുധന്‍, 7 മെയ് 2025 (14:06 IST)
Mockdrills Kerala
പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യ- പാകിസ്ഥാന്‍ ബന്ധം വഷളായതിന് പിന്നാലെ പാകിസ്ഥാനിലെ ഭീകരകേന്ദ്രങ്ങള്‍ക്ക് നേരെ ആക്രമണം നടത്തിയിരിക്കുകയാണ് ഇന്ത്യ. പാകിസ്ഥാനിലെ ഭീകരകേന്ദ്രങ്ങള്‍ തകര്‍ത്തുകൊണ്ടുള്ള ഓപ്പറേഷന്‍ സിന്ദൂര്‍ പുലര്‍ച്ചെ 1:44നാണ് ഇന്ത്യ നടത്തിയത്. ഇതിന് പിന്നാലെ ഇന്ത്യന്‍ സൈന്യത്തെ പ്രശംസിച്ച് ഒട്ടേറെ പേരാണ് രംഗത്ത് വന്നിരിക്കുന്നത്. അതേസമയം ഇന്ത്യന്‍ ആക്രമണം മേഖലയില്‍ യുദ്ധസമാനമായ സാഹചര്യം സൃഷ്ടിക്കുമോ എന്ന ഭയവും പ്രകടമാണ്. ഇത്തരത്തില്‍ പാകിസ്ഥാന്റെ ഭാഗത്ത് നിന്ന് വ്യോമാക്രമണം ഉണ്ടായാല്‍ അതിനെങ്ങനെ തയ്യാറെടുക്കാം എന്നതിന് പറ്റി ഭൂരിഭാഗം പേര്‍ക്കും അറിവില്ലാത്തതാണ്.

അതിര്‍ത്തി പ്രദേശമല്ലാത്തതിനാല്‍ കേരളമടക്കം സുരക്ഷിതമാണെന്ന തോന്നലുണ്ടെങ്കിലും ഒരു യുദ്ധം സംഭവിക്കുകയാണെങ്കില്‍ എന്തും സംഭവിക്കാം. അത്തരം ഒരു സാഹചര്യത്തെ എങ്ങനെ നേരിടാം എന്നാണ് മോക്ഡ്രില്‍ പരിശീലനത്തിലൂടെ സര്‍ക്കാര്‍ നമ്മളെ സജ്ജരാക്കുന്നത്.
 
 മെയ് 7ന് വൈകീട്ട് 4 മണി മുതലാണ് കേരളത്തില്‍ മോക്ഡ്രില്ലുകള്‍ സംഘടിപ്പിക്കുന്നത്. ഇത് ഭയപ്പെടാനല്ല, തയ്യാറെടുപ്പിനുള്ള ഒരു പരിശീലനമാണ് എന്നതാണ് ആദ്യമായി മനസിലാക്കേണ്ടത്. വൈകീട്ട് 4 മണിക്ക് സൈറന്‍ കേട്ടാല്‍ ഭയപ്പെടേണ്ടതില്ല. പകരം മോക്ഡ്രില്‍ എങ്ങനെ ചെയ്യാമെന്ന് നോക്കാം. നീണ്ട സൈറനാണ് മുഴങ്ങുന്നതെങ്കില്‍ നിങ്ങള്‍ സുരക്ഷിതരല്ല എന്നാണ് അത് അര്‍ഥമാക്കുന്നത്. ചെറിയ സൈറന്‍ സുരക്ഷിതരാണെന്നും. 
 
 മുന്നറിയിപ്പ് ലഭിച്ചാല്‍ എന്തെല്ലാം ചെയ്യാം
 
 
വൈകുന്നേരം 4 മണിക്കാണ് മോക്ക് ഡ്രില്‍ ആരംഭിക്കുന്നത്. 4 മണി മുതല്‍ 30 സെക്കന്‍ഡ് അലേര്‍ട്ട് സയറണ്‍ 3 വട്ടം നീട്ടി ശബ്ദിക്കും. സൈറണ്‍ ശബ്ദം കേല്‍ക്കുന്ന ഇടങ്ങളിലും, കേള്‍ക്കാത്ത ഇടങ്ങളിലും 4.02നും, 4.29നും ഇടയില്‍ ആണ് മോക്ക്ഡ്രില്‍ നടത്തേണ്ടത് 4.28 മുതല്‍ സുരക്ഷിതം എന്ന സയറണ്‍ 30 സെക്കന്‍ഡ് മുഴങ്ങും. വൈകുന്നേരം 4 മണിക്ക് വീടുകളില്‍ ഉള്ളവര്‍ എന്തെല്ലാം ചെയ്യണമെന്ന് നോക്കാം.
 
മോക്ക് ഡ്രില്‍ സമയത്തു എല്ലാ ലൈറ്റുകളും ഓഫ് ആക്കേണ്ടതും, അടിയന്തര ഘട്ടത്തില്‍ വെളിച്ചം ഉപയോഗിക്കേണ്ട സാഹചര്യത്തില്‍ വീടുകളില്‍ നിന്ന് വെളിച്ചം പുറത്തു പോകാതിരിക്കാന്‍ ജനാലകളില്‍ കട്ടിയുള്ള കാര്‍ഡ് ബോര്‍ഡുകളോ കര്‍ട്ടനുകളോ ഉപയോഗിക്കേണ്ടതുമാണ്. ജനാലകളുടെ സമീപം മൊബൈല്‍ ഫോണുകളോ പ്രകാശം പുറപ്പെടുവിക്കുന്ന ഉപകരണങ്ങളോ ഉപയോഗിക്കുന്നത് ഒഴിവാക്കുക.ബാറ്ററി/സോളാര്‍ ടോര്‍ച്ചുകള്‍, ഗ്ലോ സ്റ്റിക്കുകള്‍, റേഡിയോ എന്നിവ കരുതുക. 2025 മെയ് 7, 4 മണിക്ക് സൈറന്‍ മുഴങ്ങുമ്പോള്‍ എല്ലായിടങ്ങളിലെയും (വീടുകള്‍, ഓഫീസുകള്‍, മറ്റു സ്ഥാപനങ്ങള്‍ ഉള്‍പ്പെടെ) അകത്തെയും, പുറത്തെയും ലൈറ്റുകള്‍ ഓഫ് ചെയ്യേണ്ടതാണ്.
 
എല്ലാ വീടുകളിലും പ്രഥമശുശ്രൂഷ കിറ്റുകള്‍ തയ്യാറാക്കുക. ഇതില്‍ മരുന്നുകള്‍, ടോര്‍ച്, വെള്ളം, ഡ്രൈ ഫുഡ് എന്നിവ ഉള്‍പ്പെടുത്തുക.
 
വീടിനുളിലെ ഏറ്റവും സുരക്ഷിതമായ സ്ഥലം കണ്ടെത്തുക. ബ്ലാക്ക് ഔട്ട് സമയത്തു അവിടേക്കു മാറുക.
 
 എല്ലാ കുടുംബങ്ങളും കുടുംബാംഗങ്ങള്‍ ഒരുമിച്ചു ''ഫാമിലി ഡ്രില്‍'' നടത്തുക.
സൈറന്‍ സിഗ്‌നലുകള്‍ മനസ്സിലാക്കുക. ദീര്‍ഘമായ സൈറന്‍ മുന്നറിയിപ്പും, ചെറിയ സൈറന്‍ സുരക്ഷിതമാണെന്ന അറിയിപ്പുമാണ്.
 
 പൊതുസ്ഥലങ്ങളില്‍ നില്‍ക്കുന്നവര്‍ സുരക്ഷിതത്വത്തിനായി അടുത്തുള്ള കെട്ടിടങ്ങള്‍ക്കുള്ളിലേക്ക് മാറേണ്ടതാണ്.  
 
ഔദ്യോഗിക വിവരങ്ങള്‍ മനസ്സിലാക്കുന്നതിനായി റേഡിയോ/ടി.വി ഉപയോഗിക്കുക.
 
 തീപിടുത്തം ഒഴിവാക്കാന്‍ ബ്ലാക്ക് ഔട്ട് സൈറണ്‍ കേള്‍ക്കുമ്പോള്‍ തന്നെ ഗ്യാസ്/വൈദ്യുത ഉപകരണങ്ങള്‍ ഓഫ് ചെയ്യുക.
 
 ബ്ലാക്ക് ഔട്ട് സമയത്ത് കുട്ടികളുടെയും വളര്‍ത്തുമൃഗങ്ങളുടെയും സുരക്ഷ ഉറപ്പാക്കുക.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍