പാക് ഷെല്ലാക്രമണത്തില്‍ പൂഞ്ചില്‍ എട്ടുപേര്‍ കൊല്ലപ്പെട്ടു. കൂടാതെ 34 പേര്‍ക്ക് പരിക്കേറ്റു. ജമ്മു കാശ്മീരില്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുല്ല അടിയന്തര മന്ത്രിസഭായോഗം വിളിച്ചിട്ടുണ്ട്. 11 മണിക്കാണ് യോഗം. അതേസമയം പാക് പഞ്ചാബ് പ്രവിശ്യയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്. മുസാഫറാബാദിന് വൈദ്യുതി ബന്ധം നിലച്ചു. ആശുപത്രികളും സുരക്ഷാസേനയും ജാഗ്രതയിലാണ്. യുദ്ധ ഭീതിയിലാണ് പാക്കിസ്ഥാന്‍.
ഇന്ന് പുലര്‍ച്ചെ ഒന്നേമുക്കാലോടെയാണ് പാക് അധീനകാശ്മീരിലെയും പാക്കിസ്ഥാനിലെയും 9 കേന്ദ്രങ്ങളില്‍ ഇന്ത്യന്‍ സൈന്യം മിന്നല്‍ ആക്രമണം നടത്തിയത്. പഹല്‍ഗാമില്‍ 26നിരപരാധികളുടെ ജീവനെടുത്തതിന് പകരമായാണ് ഓപ്പറേഷന്‍ സിന്ദൂര്‍ എന്ന പേരില്‍ സൈന്യം ആക്രമണം നടത്തിയത്. ജെയ്‌ഷേ മുഹമ്മദ്, ലഷ്‌കര്‍ ഇ തെയ്‌ബെ എന്നീ ഭീകര കേന്ദ്രങ്ങളിലാണ് സൈന്യം ആക്രമണം നടത്തിയത്.
അതേസമയം പഹല്‍ഗാം ഭീകരാക്രമണത്തിന് മറുപടിയായി ഇന്ത്യ നടത്തിയ ഓപ്പറേഷന്‍ സീന്ദൂറില്‍ ഇന്ത്യയ്ക്ക് പിന്തുണയുമായി ഇസ്രായേല്‍ രംഗത്തെത്തി. ഭീകരാക്രമണത്തില്‍ തിരിച്ചടിക്കാന്‍ ഇന്ത്യയ്ക്ക് അവകാശമുണ്ടെന്ന് ഇസ്രയേല്‍ പറഞ്ഞു. എന്നാല്‍ ആണവ ശക്തിയുള്ള രണ്ടുരാജ്യങ്ങളിലെ സംഘര്‍ഷത്തില്‍ ആശങ്ക അറിയിച്ച് ചൈന രംഗത്തെത്തി. ഇരുകൂട്ടരും സംയമനം പാലിക്കണമെന്ന് ചൈനീസ് വിദേശകാര്യമന്ത്രാലയം ആവശ്യപ്പെട്ടു.