അപ്രതീക്ഷിതമായി സംഭവിക്കുന്ന ദുരന്തങ്ങൾക്ക് മുന്നിൽ നമ്മൾ അന്തിച്ച് നിൽക്കാറുണ്ട്. ദുരന്തം വിതയ്ക്കും അഗാധതയിൽ നിന്നും കരകയറുക അത്ര എളുപ്പമുള്ള കാര്യമല്ല. കേരളക്കരയെ ഒന്നടങ്കം വേദനിപ്പിച്ചൊരു വാര്‍ത്തയായിരുന്നു ചൊവ്വാഴ്ച പുലര്‍ച്ചയെത്തിയത്. പ്രശസ്‌ത വയലിനിസ്‌റ്റ് ബാലഭാസ്‌ക്കറിന്റെയും ലക്ഷ്‌മിയുടേയും രണ്ടരവയസ്സുള്ള മകൾ തേജസ്വിനി ബാലയുടെ മരണം നാടിന്റെ വേദനയായി.
കഴക്കൂട്ടത്തിനു സമീപം ചൊവ്വാഴ്ച പുലർച്ചെയുണ്ടായ കാറപകടത്തിലാണ് തേജസ്വിനി മരിച്ചത്. കാറിന്റെ മുൻസീറ്റിൽ അച്ഛൻ ബാലഭാസ്‌ക്കറിന്റെ മടിയിലായിരുന്നു തേജസ്വിനി ഇരുന്നത്. 15 വര്‍ഷത്തെ കാത്തിരിപ്പിന് ശേഷമാണ് ബാലഭാസ്‌ക്കറിന്റെയും ലക്ഷ്മിയുടെയും ജീവിതത്തിലേക്ക് തേജ എത്തിയത്.
പറക്കും മുൻപേ കൊഴിഞ്ഞ് പോയ കുരുന്നുകൾ വേറെയുമുണ്ട്. 26 വര്‍ഷം മുന്‍പ് ഇതുപോലൊരു അപകടത്തിലാണ് സുരേഷ് ഗോപിക്ക് മൂത്തമകളായ ലക്ഷ്മിയെ നഷ്ടമായത്. ഒന്നര വയസ്സായിരിക്കുമ്പോഴാണ് ലക്ഷ്മി യാത്രയായത്. തേജസ്വിനിയുടെ വിയോഗവാര്‍ത്ത അറിഞ്ഞപ്പോള്‍ പലരും ആദ്യം ഓര്‍ത്തതും ലക്ഷ്മിയുടെ മുഖമായിരുന്നു.
അതുപോലെ തന്നെയാണ് ഗായിക ചിത്രയുടെ മകൾ നന്ദനയുടെയും മരണം. വാഹനാപകടം അല്ലെങ്കിലും അതും ഒരുതരത്തിൽ അപകട മരണം തന്നെയായിരുന്നു. ദുബായിലെ എമിറേറ്റ് ഹില്‍സിലുള്ള വില്ലയിലെ നീന്തല്‍കുളത്തില്‍ വീണായിരുന്നു നന്ദനയുടെ മരണം. വിവാഹം കഴിഞ്ഞ് ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷമായിരുന്നു നന്ദന ഉണ്ടായതും.