പിണറായിയിൽ മാതാപിതാക്കളെയും മൂത്ത മകളെയും കൊലപ്പെടുത്തിയത് പുതിയ ജീവിതം സ്വപ്നം കണ്ടുകൊണ്ടാണെന്ന് സൌമ്യയുടെ വെളിപ്പെടുത്തൽ. കുടുംബാംഗങ്ങളെ കൊലപ്പെടുത്താൻ സൌമ്യക്ക് വിഷം വാങ്ങി നൽകിയത് ഓട്ടോ ഡ്രൈവറാണെന്ന് നേരത്തെ പുറത്തുവന്നിരുന്നു.
ആസൂത്രിതമായ കൊലപാതകങ്ങളാണ് നടന്നതെന്ന് വ്യക്തം. അതേസമയം, കൊലപാതകത്തിൽ സൌമ്യയുടെ കാമുകന്മാർക്ക് പങ്കില്ലെന്ന് പൊലീസ് പറയുന്നു. മൂന്നുപേരേയും കൊലപ്പെടുത്തിയത് സൌമ്യ ഒറ്റയ്ക്കാണ്. പത്ത് മണിക്കൂര്‍ നീണ്ട ചോദ്യംചെയ്യലിനൊടുവിലാണ് സൌമ്യ കുറ്റം സമ്മതിച്ചത്.
ആത്മഹത്യാ നാടകത്തിലൂടെ സൗമ്യ അന്വേഷണത്തിൽനിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുകയായിരുന്നുവെന്നും വ്യക്തമായി. അസ്വസ്ഥത കാട്ടി ചികിൽസ തേടിയാൽ തനിക്ക് കൊലപാതകങ്ങളിൽ പങ്കില്ലെന്ന് വരുത്തിതീർക്കാൻ ആകും എന്ന് സൌമ്യ ധരിച്ചു. സാമ്പത്തിക ബാധ്യതയും കുടുംബപ്രശ്നങ്ങളും കാരണം മാതാപിതാക്കള്‍ ആത്മഹത്യചെയ്തുവെന്നു വരുത്താനായിരുന്നു ശ്രമം. ഇതാണ് പൊളിഞ്ഞത്.
മൂത്തമകളും മാതാപിതാക്കളും സൗമ്യയുടെ ഇതര ബന്ധങ്ങൾക്കു തടസമായതാണു കൊലയ്ക്കു പ്രേരിപ്പിച്ചത്. സൗമ്യയുമായി ബന്ധമുള്ള യുവാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തിരുന്നു. ഇവർ കൊലപാതക വിവരം അറിഞ്ഞിട്ടു മറച്ചുവെച്ചതാണോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. കുറ്റം തെളിഞ്ഞാൽ കൂടുതൽ അറസ്റ്റ് ഉണ്ടാകുമെന്നാണ് സൂചന.