മനുഷ്യാവകാശ കമ്മീഷൻ ചെയർമാനെ വിമർശിച്ച് സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും രംഗത്ത്. ചെയർമാൻ രാഷ്ട്രീയക്കാരനെ പോലെ സംസാരിക്കരുത് എന്നാണ് കോടിയേരിയുടെ പ്രസ്ഥാവന. ഇങ്ങനെയാണ് സംസാരിക്കുന്നതെങ്കിൽ രാജി വച്ച് രാഷ്ട്രീയത്തിലിറങ്ങുന്നതാണ് നല്ലത് എന്നും കോടിയേരി പരിഹസിച്ചു.
മനുഷ്യാവകാശ കമ്മിഷൻ ചെയർമാനെതിരെ ഇന്നലെ മുഖ്യമന്ത്രിയും പ്രസ്ഥാവനയുമായി രംഗത്ത് വന്നിരുന്നു. കമ്മിഷൻ കമ്മീഷന്റെ പണിയെടുത്താൽ മതിയെന്നും രാഷ്ട്രീയം പറയേണ്ടതില്ലെന്നുമായിരുന്നു പിണറായി വിജയൻ പറഞ്ഞത്. വരാപ്പുഴ കസ്റ്റഡി മരണത്തിൽ സംസ്ഥാന പൊലീസിന്റെ അന്വേഷണം കാര്യക്ഷമമല്ലെന്നും സി ബി ഐ അന്വേഷണം വേണമെന്നുമുള്ള കമ്മിഷന്റെ നിലപാടിനെതിരെയായിരുന്നു പ്രസ്ഥാവന
സംഭവത്തിൽ വേഗത്തിൽ തന്നെ പൊലീസ് അന്വേഷിച്ച് നടപടികൾ സ്വീകരിക്കുന്നുണ്ട്. കൂടുതൽ പ്രതികൾ ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ അവരേയും പിടികൂടുമെന്നും മുഖ്യന്ത്രി ഇന്നലെ വാർത്ത സമ്മേളനത്തിൽ വ്യക്തമാക്കിയിരുന്നു. കസ്റ്റഡിയിലെടുക്കുന്ന പ്രതികളോട് അപമര്യാദയായി പെരുമാറുന്ന പൊലീസ് ഉദ്യോഗസ്ഥർ സേനയിൽ ഉണ്ടാവില്ല എന്ന് കോടിയേരിയും പ്രതികരിച്ചു.