കോപിച്ച് കടല്‍; കൂറ്റന്‍ തിരമാലയ്‌ക്കൊപ്പം ശക്തമായ കാറ്റിനും സാധ്യത, മുന്നറിയിപ്പുമായി കേന്ദ്രം - ശംഖുമുഖത്ത് സന്ദര്‍ശന വിലക്ക്
ചൊവ്വ, 24 ഏപ്രില്‍ 2018 (19:36 IST)
കേരളത്തിന്‍റെ തീരങ്ങളിൽ കൂറ്റൻ തിരമാലകൾ ആഞ്ഞടിക്കുമെന്ന് ദേശീയ സമുദ്ര ഗവേഷണ കേന്ദ്രം കേരളത്തിന് മുന്നറിയിപ്പ് നൽകി. ഇതോടെ കടല്‍ക്ഷോഭം ശക്തമായ സംസ്ഥാനത്തെ തീരപ്രദേശങ്ങളില്‍ ജാഗ്രതാ നിര്‍ദേശം നല്‍കി.
അഞ്ച് അടിമുതല്‍ ഏഴ് അടിവരെ ഉയരത്തില്‍ തിരമാല ഉണ്ടാകുമെന്നും ഒപ്പം ശക്തമായ കാറ്റും വീശുമെന്നാണ് മുന്നറിയിപ്പ്. കൊല്ലം, ആലപ്പുഴ, കൊച്ചി, പൊന്നാനി, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് തീരങ്ങളിലാണ് ഭീമൻ തിരകൾ ആഞ്ഞടിക്കാൻ സാധ്യതയുള്ളത്.
അടുത്ത 24 മണിക്കൂര്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ ഇറങ്ങരുതെന്ന് ദേശീയ സമുദ്ര ഗവേഷണ കേന്ദ്രം അറിയിച്ചു. ബോട്ടുകൾ തീരത്തുനിന്നു കടലിലേക്കും, കടലിൽനിന്നു തീരത്തേക്കും കൊണ്ടുപോകുന്നത് ഒഴിവാക്കണമെന്നും നിര്‍ദേശമുണ്ട്.
കടല്‍ക്ഷോഭം ശക്തമായതോടെ ശംഖുമുഖം കടപ്പുറത്ത് 48 മണിക്കൂര്‍ സന്ദര്‍ശകര്‍ക്ക് വിലക്കേര്‍പ്പെടുത്തി. ഇന്നുമുതല്‍ രണ്ടു ദിവസത്തേക്കാണ് ജില്ലാ കളക്‍ടര്‍ പ്രവേശനം നിരോധിച്ചതായുള്ള ഉത്തരവിറക്കിയിരിക്കുന്നത്.