ഭർത്താവിന്റെ മരണത്തിൽ പ്രതികാരം വീട്ടാതെ യുദ്ധം വേണ്ടെന്ന് പറയുന്നോ? അവിഹിതം കാണുമല്ലേ? - പുല്‍വാമയില്‍ കൊല്ലപ്പെട്ട ജവാന്റെ ഭാര്യയ്ക്ക് നേരെ സോഷ്യൽ മീഡിയ ആക്രമണം

Webdunia
വ്യാഴം, 28 ഫെബ്രുവരി 2019 (16:20 IST)
പുല്‍വാമയിലെ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട സി.ആര്‍.പി.എഫ് ജവാന്‍ ബബ്ലു സാന്ദ്രയുടെ ഭാര്യ മിത സാന്ദ്രയ്ക്ക് നേരെ സോഷ്യല്‍ മീഡിയ ആക്രമണം. ഇന്ത്യ പാകിസ്ഥാൻ യുദ്ധം വേണമെന്ന് പറയുന്നവരാണ് മിതയ്ക്കെതിരെ രംഗത്തെത്തിയിരിക്കുന്നത്. മിത യുദ്ധത്തിന് എതിരെ നിലപാടെടുത്തതിന്റെ പേരിലാണ് ആക്രമണം.
 
മിത ഭര്‍ത്താവിനെ സ്‌നേഹിച്ചിട്ടുണ്ടാവില്ലെന്നും മറ്റാരെയോ സ്‌നേഹിക്കുന്നുണ്ടെന്നും ഇത്തരക്കാർ മിതയെ അധിക്ഷേപിക്കുന്നുണ്ട്. ഭര്‍ത്താവിന്റെ മരണത്തില്‍ പ്രതികാരം ചെയ്യാനുള്ള ഉത്തരവാദിത്തം അവര്‍ക്കുണ്ടെന്നു പറഞ്ഞാണ് ചിലര്‍ ഇവരെ ആക്രമിക്കുന്നത്. 
 
എന്നാല്‍ ഈ ആക്രമണങ്ങള്‍ക്കു മുമ്പില്‍ പതറുന്നയാളല്ല താനെന്ന് മിത പറഞ്ഞു. ‘ഇപ്പോള്‍ സോഷ്യല്‍ മീഡിയ സ്റ്റാറ്റസുകള്‍ നോക്കി നില്‍ക്കേണ്ട അവസ്ഥയിലല്ല ഞാന്‍. പക്ഷേ യുദ്ധത്തെക്കുറിച്ച് ഞാന്‍ പറഞ്ഞതില്‍ ഉറച്ചു നില്‍ക്കുന്നു. യുദ്ധഭൂമിയിലെ ഓരോ മരണവും പട്ടാളക്കാരുടെ കുടുംബത്തിലെ ഒരുപാടുപേരെ ഒറ്റപ്പെടുത്തുന്നുണ്ട്. ഒരു ഭാര്യയ്ക്ക് ഭര്‍ത്താവിനെ നഷ്ടമാകുന്നു, അമ്മയ്ക്ക് മകനെ നഷ്ടമാകുന്നു, മകള്‍ക്ക് അച്ഛനെ നഷ്ടമാകുന്നു.’
 
‘നഷ്ടത്തിന്റെ ഒരുപാട് കഥകള്‍ ഞാന്‍ അനുഭവിക്കുകയും വായിക്കുകയും ചെയ്തിട്ടുണ്ട്. പക്ഷെ ഒരു വ്യക്തിക്കു മാത്രമുള്ള നഷ്ടമല്ല അത്. രാജ്യവും അനുഭവിക്കുന്നു. ഒരു യുദ്ധം സമ്പദ് വ്യവസ്ഥയെ തകര്‍ത്തു. സാമൂഹ്യ വികസനത്തേയും തഴയും. ചൊവ്വാഴ്ച അവര്‍ ചെയ്തത് അങ്ങേയറ്റം അഭിനന്ദനാര്‍ഹമാണ്. സാധാരണക്കാരെ കൊല്ലാതെ തീവ്രവാദികളെ ഇല്ലാതാക്കാന്‍ ഐ.എ.എഫ് സ്വീകരിച്ച വഴിയോട് പൂര്‍ണമായി യോജിക്കുന്നു. ഞാനെതിര്‍ത്തത് യുദ്ധത്തെയാണ്. തീവ്രവാദത്തിന്റെ ക്രൂരതയുടെ ഇരയാണ് എന്റെ ഭര്‍ത്താവ്.’ - മിതയെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ടു ചെയ്യുന്നു. 

അനുബന്ധ വാര്‍ത്തകള്‍

Next Article