മധ്യപ്രദേശിലെ സത്‌ന ജില്ലയില്‍ പശുവിനെ കൊന്നെന്ന് ആരോപിച്ച് ആള്‍ക്കുട്ടം യുവാവിനെ തല്ലിക്കൊന്നു. കശാപ്പ് നടത്തുകയാണെന്ന് ആരോപിച്ച് റിയാസ് (45) എന്നയാളാണ് മരിച്ചത്. ഇയാളുടെ സുഹൃത്ത് ഷക്കീലിന് (33) ഗുരുതരമായി പരുക്കേറ്റു.
മധ്യപ്രദേശിന്റെ തലസ്ഥാനമായ ഭോപാലില്‍ നിന്ന് 485 കിലോമീറ്റര്‍ അകലെയുള്ള സത്‌ന ജില്ലയിലെ അമഗാര ഗ്രാമത്തില്‍ ബുധനാഴ്ച രാത്രിയിലാണ് സംഭവം. പശുവിനെ കൊന്നെന്ന് ആരോപിച്ച് ഒരു സംഘം ഗ്രാമീണർ കല്ലും വടിയുമായി റിയാസിനെയും ഷക്കീലിനെയും ആക്രമിക്കുകയായിരുന്നു.
ഗുരുതരമായി പരുക്കേറ്റ റിയാസ് സംഭവസ്ഥലത്തു വെച്ചു തന്നെ മരിച്ചുവെന്നാണ് റിപ്പോര്‍ട്ട്.
സംഭവത്തിൽ പവൻ സിംഗ് ഗോണ്ട്, വിജയ് സിംഗ് ഗോണ്ട്, ഫൂൽ സിംഗ് ഗോണ്ട്, നാരായൺ സിംഗ് ഗോണ്ട് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്‌തു. ഇവർക്കെതിരെ വധശ്രമത്തിനാണ് കേസ്.
സംഭവസ്ഥലത്തുനിന്ന് ഒരു കാളയുടെ ശവശരീരവും ഏതാനും മാംസപ്പൊതികളും കണ്ടെടുത്തതായി പൊലീസ് പറഞ്ഞു. പരുക്കേറ്റ് ആശുപത്രിയിൽ കഴിയുന്ന ഷക്കീലിന്റെ പേരിൽ ഗോവധത്തിന് കേസെടുത്തിട്ടുണ്ട്. മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥരുള്‍പ്പെടെയുള്ളവര്‍ ആക്രമണം നടന്ന സ്ഥലം സന്ദര്‍ശിച്ചു.
അതേസമയം, ഗോവധം നടത്തിയെന്ന ആരോപണം റിയാസിന്റെയും ഷക്കീലിന്റെയും കുടുംബങ്ങൾ നിഷേധിച്ചു.