13 പേജുള്ള പ്രസംഗം തയ്യാറാക്കി; യെദ്യൂരപ്പ രാജിക്കൊരുങ്ങുന്നു - തീരുമാനം ഭൂരിപക്ഷം തെളിയിക്കാന്‍ കഴിയില്ലെന്ന് വ്യക്തമായതോടെ
ശനി, 19 മെയ് 2018 (14:33 IST)
വിശ്വാസ വോട്ടെടുപ്പിന് മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കേ മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പ രാജിവെക്കുമെന്ന് റിപ്പോര്‍ട്ട്. ഭൂരിപക്ഷം തെളിയിക്കാന്‍ കഴിയില്ലെന്ന് വ്യക്തമായ സാഹചര്യത്തിലാണ് ഈ തീരുമാനം.
13പേജുള്ള രാജിപ്രസംഗം യെദ്യൂരപ്പ തയ്യാറാക്കുന്നതായുള്ള റിപ്പോര്‍ട്ടും പുറത്തുവരുന്നുണ്ട്. എന്നാല്‍ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. വിശ്വാസവോട്ടെടുപ്പ് നടന്നാല്‍ സ്വന്തം ക്യാമ്പിലെ ചില എംഎല്‍എമാര്‍ മറുകണ്ടം ചാടിയേക്കുമെന്നും ബിജെപി നേത്യത്വത്തിന് ഭയമുണ്ട്.
സര്‍ക്കാര്‍ രൂപവത്കരണം സുപ്രീംകോടതി വരെ എത്തിയ സാഹചര്യത്തില്‍ പൊതുജനവികാരം എതിരാണെന്നും ഇനിയും നാടകം തുടരുകയാണെങ്കില്‍ സ്ഥിതി കൂടുതല്‍ വഷളാകുമെന്നും ബിജെപി ഭയക്കുന്നുണ്ട്. സഭ സമ്മേളച്ചതിന് ശേഷം വൈകാരികമായ ഒരു പ്രസംഗം നടത്തി രാജി പ്രഖ്യാപിച്ച് നാണക്കേട് ഒഴിവാക്കാനാണ് യെദ്യൂരപ്പയുടെ തീരുമാനം.
രാജിയോടെ സഹതാപതരംഗം നേടിയെടുക്കാനാണ് യെദ്യൂരപ്പയുടെ ശ്രമം. ഇക്കാര്യം കേന്ദ്ര നേതൃത്വത്തെ മുമ്പ് തന്നെ അറിയിച്ചതായാണ് സൂചന. ബിജെപി ക്യാമ്പിൽ ഇതുസംബന്ധിച്ച തിരക്കിട്ടു നടക്കുന്ന ചർച്ചകൾ തുടരുകയാണ്. കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ പ്രകാശ് ജാവദേക്കര്‍ ഇങ്ങനെ ഒരു സന്ദേശം നല്‍കിയെന്നാണ് സൂചന.