കുതിരക്കച്ചവടത്തിനുള്ള ശ്രമം തകര്‍ത്തത് സുപ്രീംകോടതി; ബിജെപിയുടെ കുതന്ത്രങ്ങളുടെ കരണത്തേറ്റ അടി

ജോണ്‍ കെ ഏലിയാസ്

ശനി, 19 മെയ് 2018 (16:47 IST)
വലിയ കുതിരക്കച്ചവടത്തിനുള്ള സാധ്യതകള്‍ തുറന്നിട്ടുകൊണ്ട് കര്‍ണാടക രാഷ്ട്രീയത്തില്‍ ബി ജെ പി കളിച്ച കളിക്ക് കനത്ത തിരിച്ചടി നല്‍കിയത് സുപ്രീംകോടതിയുടെ ഉചിതമായ ഇടപെടല്‍. 24 മണിക്കൂറിനകം ഫ്ലോര്‍ ടെസ്റ്റ് നടത്തണമെന്ന സുപ്രീംകോടതിയുടെ നിര്‍ദ്ദേശത്തിലാണ് ബി ജെ പിയുടെ സ്വപ്നങ്ങള്‍ ഒലിച്ചുപോയത്. 
 
വിശ്വാസവോട്ട് നേടാന്‍ 15 ദിവസം അനുവദിച്ച് ഗവര്‍ണര്‍ തീരുമാനമെടുത്തപ്പോള്‍ ആ തീരുമാനം നടപ്പാക്കാന്‍ അനുവദിക്കാതെ കോടതി നടത്തിയ ഇടപെടലാണ് രാജ്യം കാണേണ്ടിയിരുന്ന ഏറ്റവും വലിയ രാഷ്ട്രീയ അപമാനത്തില്‍ നിന്ന് ഇന്ത്യയെ രക്ഷിച്ചത്. 15 ദിവസത്തെ സാവകാശം ബി ജെ പിക്ക് ലഭിച്ചിരുന്നു എങ്കില്‍ വലിയ കുതിരക്കച്ചവടത്തിനും രാഷ്ട്രീയ അധാര്‍മ്മികതയ്ക്കും രാജ്യത്തിന് സാക്‍ഷ്യം വഹിക്കേണ്ടിവരുമായിരുന്നു എന്നതില്‍ സംശയമില്ല.
 
24 മണിക്കൂര്‍ സമയം കിട്ടിയപ്പോള്‍ പോലും കോണ്‍ഗ്രസ് പാളയത്തില്‍ നിന്ന് രണ്ട് എം എല്‍ എമാര്‍ പുറത്തുവന്നത് നമ്മള്‍ കണ്ടതാണ്. ജെ ഡി എസിന് രണ്ട് എം എല്‍ എമാരെ നഷ്ടമായതായി കുമാരസ്വാമി വ്യക്തമാക്കുന്നത് കണ്ടതാണ്. അപ്പോള്‍ പിന്നെ 15 ദിവസം ഫ്ലോര്‍ ടെസ്റ്റിനുള്ള സാവകാശം ലഭിച്ചിരുന്നെങ്കില്‍ യെദ്യൂരപ്പ സര്‍ക്കാരിന് ഭൂരിപക്ഷം നേടാന്‍ കഴിയുമായിരുന്നു എന്നതില്‍ സംശയമില്ല.
 
സമീപകാലത്ത് ഒരിക്കലും കാണിച്ചിട്ടില്ലാത്ത ആര്‍ജ്ജവവും തന്‍റേടവും പ്രദര്‍ശിപ്പിച്ച് കോണ്‍ഗ്രസ് നെഞ്ചുവിരിച്ചുനിന്നപ്പോള്‍ നരേന്ദ്രമോദിയുടെയും അമിത് ഷായുടെയും തന്ത്രങ്ങള്‍ കാറ്റില്‍ പറന്നു. കര്‍ണാടകയില്‍ കോണ്‍ഗ്രസ് എം എല്‍ എമാരെ സംരക്ഷിക്കാനുള്ള ചുമതല ഉരുക്കുമനുഷ്യനായ ഡി കെ ശിവകുമാറിനെ ഏല്‍പ്പിച്ചപ്പോള്‍ തന്നെ ബി ജെ പിക്ക് പ്രതീക്ഷ നഷ്ടമായെന്ന് വേണം അനുമാനിക്കാന്‍. ഡികെ‌എസിന്‍റെ കണ്ണുവെട്ടിച്ച് എം എല്‍ എമാരെ ചാക്കിട്ടുപിടിക്കുക ബി ജെ പിക്ക് അസാധ്യമായിരുന്നു.
 
ഭീഷണിയും പണം കൊണ്ടുള്ള പ്രലോഭനവുമെല്ലാം നേരിട്ട് കോണ്‍‌ഗ്രസിന്‍റെയും ജെ ഡി എസിന്‍റെയും എം എല്‍ എമാര്‍ നിലയുറപ്പിച്ചപ്പോള്‍ യെദ്യൂരപ്പയ്ക്ക് ഒട്ടേറെ ആരോപണങ്ങളും നേരിടേണ്ടിവന്നു. യെദ്യൂരപ്പയുടെ ഓഡിയോ ടേപ്പ് പോലും പുറത്തുവന്നിരിക്കുന്നു. 
 
കര്‍ണാടകത്തിലെ കുതിരക്കച്ചവടനീക്കം പ്രതിച്ഛായയെ ബാധിച്ചെന്ന ആര്‍ എസ് എസിന്‍റെ വിലയിരുത്തല്‍ കൂടിയാകുമ്പോള്‍ ബി ജെ പിക്ക് കര്‍ണാടക പിടിക്കാനുള്ള കുതന്ത്രം ഏല്‍പ്പിച്ച ആഘാതം ദൂരവ്യാപകമായി മാറുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍