മൺമറഞ്ഞിട്ടും ഇന്നും മലയാളികളുടെ ഉള്ളിൽ ജീവിക്കുന്ന കലാകാരനാണ് കലാഭവൻ മണി. മണിയുടെ വിയോഗം സിനിമ ലോകത്തുള്ളവർക്കും തീരാവേദനയാണ്. ഇപ്പോഴിതാ മണിയെ കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കുവെയ്ക്കുകയാണ് നടന്‍ കലാഭവന്‍ ഷാജോണ്‍.
‘മണി ചേട്ടന്‍ എന്നും സ്‌നേഹം നിറഞ്ഞൊരു ഓര്‍മ്മയാണ്. ഒരിക്കല്‍ മണിചേട്ടന്റെ കൂടെ എനിക്കും ധര്‍മജനും അമേരിക്കയില്‍ ഷോ ഉണ്ടായിരുന്നു. എപ്പോഴും കൂടെയൊരു വലിയ കൂട്ടവുമായിട്ടാണ് അദ്ദേഹം നടക്കുക. പക്ഷേ, അമേരിക്കയിലേക്കു അവരെയെല്ലാം കൊണ്ടു പോകാന്‍ പറ്റാത്തതു കൊണ്ട് മണി ചേട്ടന്‍ ഒറ്റയ്ക്കായി പോയി. അതുകൊണ്ട് എന്റെയും ധര്‍മജന്റെയും കൂടെയായിരുന്നു മണി ചേട്ടന്റെ നടപ്പ് മുഴുവന്‍. മുഴുവൻ നേരവും ഞങ്ങടെ കൂടെയായിരുന്നു.’
‘മണി ചേട്ടന്‍ സ്‌നേഹം കാണിക്കുന്നത് ഭയങ്കര ആവേശത്തിലാ. ഇടിയും പിച്ചും തല്ലുമൊക്കെ കാണും. ഏതോ ഒരു സമയത്ത് മണിചേട്ടന്‍ ധര്‍മ്മജന്റെ കൈപിടിച്ച് തിരിക്കുകയോ മറ്റോ ചെയ്തു. നന്നായിട്ട് വേദനയെടുത്തപ്പോ ദേഷ്യത്തില്‍ ധര്‍മ്മജന്‍ എന്തോ പറഞ്ഞു, ഞാനും ധര്‍മ്മജന്റെ സൈഡില്‍ നിന്നു. അതോടെ അദ്ദേഹം സ്വന്തം റൂമിലേക്ക് പോയി.’
‘കുറേനേരം കഴിഞ്ഞ് മിമിക്രി ആര്‍ട്ടിസ്റ്റ് സുബി വന്നു ചോദിച്ചു, മണി ചേട്ടനുമായി വഴക്കിട്ടോയെന്ന്. ആ കാര്യം ഞങ്ങള്‍ മറന്നിരുന്നു. പിണക്കം മാറ്റാമെന്ന് കരുതി റൂമില്‍ ചെന്നപ്പോള്‍ ആ മനുഷ്യന്‍ കുഞ്ഞുകുട്ടികള്‍ കരയുന്നത് പോലെ കരയുന്നു. ഞങ്ങള്‍ രണ്ടുപേരെയും മാറിമാറി കെട്ടിപ്പിടിച്ചു കരഞ്ഞു. ഇങ്ങനെ സ്‌നേഹിക്കുന്ന മനുഷ്യനെ ഞാന്‍ ജീവിതത്തില്‍ വേറെ കണ്ടിട്ടില്ല.’ വനിതയുമായുള്ള അഭിമുഖത്തില്‍ ഷാജോണ്‍ പറഞ്ഞു.