നാട്ടാന പരിപാലന നിയമം കര്‍ശനമാക്കാന്‍ തീരുമാനം. ഇതോടനുബന്ധിച്ച് പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്റര്‍ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്കു നിര്‍ദേശം നല്‍കി. പരിപാലനത്തിലെ വീഴ്ചമൂലം കഴിഞ്ഞ വർഷം 13 നാട്ടാനകൾ ചരിഞ്ഞെന്ന വനംവകുപ്പിന്റെ റിപ്പോർട്ടിനെ തുടർന്നാണിത്.
ആനകളെ ഉപദ്രവിക്കുന്നവര്‍ക്കതിരെ ജാമ്യമില്ലാ വകുപ്പില്‍ കേസും രജിസ്റ്റര്‍ ചെയ്യാന്‍ നിര്‍ദേശമുണ്ട്. ഇത് ആന ഉടമകൾക്കും ഉത്സവ കമ്മിറ്റികൾക്കും ഇരിട്ടടി ആയിരിക്കുകയാണ്. 12 ഇന നിര്‍ദേശമാണ് ഉദ്യോഗസ്ഥര്‍ക്കു നല്‍കിയത്.
ആനകളുടെ യാത്രരേഖകള്‍ വനം വകുപ്പ് കൃത്യമായി പരിശോധിക്കണമെന്നു നിര്‍ദേശങ്ങളില്‍ വ്യക്തമാക്കുന്നു. ഓരോ ജില്ലയിലും കൂടുതല്‍ ജോലിയെടുപ്പിക്കുന്ന ആനകളുടെ പട്ടിക തയാറാക്കണം. ഇവയ്ക്ക് പ്രത്യേകമായി നിരീക്ഷണം ആവശ്യമാണ്. ആനകള്‍ക്കു മദപ്പാടുള്ള സമയത്ത് വിശ്രമം ലഭിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തണം.
നാട്ടാന പരിപാലന സമിതി ഉത്സവക്കാലത്തിനു മുമ്പും ശേഷവും യോഗം ചേരണം. ഇത്തരം യോഗങ്ങളില്‍ ആനകളെ പരിശോധിച്ച് അവയുടെ പരിപാലനം കൃത്യമായി നടക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണം.
ഉത്സവകമ്മിറ്റികള്‍ ആനകളെ എഴുന്നള്ളിക്കുന്ന പക്ഷം ഇനി മുതല്‍ വനംവകുപ്പു സമിതിയില്‍ രജിസ്റ്റര്‍ ചെയ്യണം. അല്ലാത്ത പക്ഷം ആനയെ പിടിച്ചെടുക്കും എന്നിവയാണ് പ്രധാന നിര്‍ദേശങ്ങള്‍.