'ഞാനൊരു നൈഷ്ഠിക ബ്രഹ്മചാരിയായതുകൊണ്ട് 60 വയസ്സു കഴിഞ്ഞവരിലായിരിക്കും എന്റെ അനുഗ്രഹവർഷം'- എന്ന് നിങ്ങളുടെ സ്വന്തം കൊറോണ, വൈറൽ കുറിപ്പ്

അനു മുരളി
ചൊവ്വ, 24 മാര്‍ച്ച് 2020 (15:17 IST)
ചൈനയിലെ വുഹാനിൽ പൊട്ടിപ്പുറപ്പെട്ട കൊവിഡ് 19 ഇപ്പോൾ ലോകമെങ്ങു പടർന്നു പിടിക്കുകയാണ്. 16000 ആളുകളാണ് ഇതിനോടകം മരണപ്പെട്ടത്. ഇപ്പോഴിതാ, കൊവിഡ് 19ന്റെ വരവോട് കൂടി പലരും മറന്നു പോയ ചില ശീലങ്ങൾ ആരംഭിച്ചിരിക്കുകയാണ്. കൊറോണയ്ക്ക് നമ്മൾ മനുഷ്യരോട് പലതും പറയാനുണ്ടെന്ന് ഓർമിപ്പിക്കുന്ന സ്വാമി സന്ദീപാനന്ദഗിരിയുടെ ഫേസ്ബുക്ക് ശ്രദ്ധേയമാകുന്നു. പോസ്റ്റിന്റെ പൂർണരൂപം ഇങ്ങനെ:
 
പ്രിയരേ..
 
ഞാൻ കൊറോണ ,
എന്നെക്കുറിച്ചോർത്ത് ലോകം ഇന്ന് വിറങ്ങലിച്ച് നില്ക്കുകയാണെന്ന് എനിക്കറിയാം!
നിങ്ങളേവരും ഒരു കാര്യം മനസ്സിലാക്കണം സത്യത്തിൽ ഞാൻ വെറും പാവമാ സോപ്പിട്ടാൽ ഇല്ലാതാകും!
എന്റെ അവതാര ഉദ്ദേശം നിങ്ങളെ ഒരുപാട് നല്ല ശീലങ്ങൾ പഠിപ്പിക്കുക എന്നതുതന്നെ.
നിങ്ങൾക്ക് ഒരു ധാരണയുണ്ട് നിങ്ങളൊരു സംഭവമാണെന്ന് ! നിങ്ങളൊന്നുമല്ലെന്ന് ഇതിനകം മനസ്സിലായിക്കാണുമെന്ന് വിശ്വസിക്കുന്നു.
സത്യം പറഞ്ഞാൽ സ്വന്തം കൈ നേരാവണ്ണം കഴുകാൻ ഇപ്പോഴല്ലേ പഠിച്ചത്!
സ്വന്തം വീട്ടില് എത്ര കാലമായി ഇതുപോലൊന്നിരുന്നിട്ട്?
നിങ്ങളുടെ വരിനിർത്തി കെട്ടിപ്പിടിക്കൽ,മുത്തം കൊടുക്കൽ,അതുപോലെ ബസ്സിലും ട്രെയിനിലും ഒരും പരിചയവുമില്ലാത്തവരെ തോണ്ടൽ അങ്ങിനെ എന്തൊക്കെ ഞാൻ ഈ അവസരത്തിൽ കൂടുതൽ പറയുന്നില്ല.
എന്റെ വരവോടുകൂടി നിങ്ങളുടെ ജീവിതത്തിൽ നിന്ന് ഇതെല്ലാം ഒഴിഞ്ഞുപോയി എന്നുറപ്പുവരുത്തണം.
ഭാവിയിൽ ക്യൂ നിൽക്കേണ്ടി വരുമ്പോൾ മുന്നിലും പുറകിലും ഞാനുണ്ടെന്ന ഓർമ്മ വേണം!
മേലിൽ മതം പറയാൻ തുപ്പലുതെറിപ്പിച്ചുള്ള വിഷം ചീറ്റിയ വർത്തമാനം വേണ്ട.
ഞാനൊരു നൈഷ്ഠിക ബ്രഹ്മചാരിയായതുകൊണ്ട് 60 വയസ്സു കഴിഞ്ഞവരിലായിരിക്കും എന്റെ അനുഗ്രഹവർഷം!
ഞാൻ വസൂരി പോലെയോ പോളിയോ പോലെയായിരുന്നു നിങ്ങളിൽ പ്രവർത്തിക്കുന്നതെങ്കിൽ നിങ്ങളുടെ അവസ്ഥ എന്താകുമായിരുന്നു.
നിങ്ങളോട് ഇഷ്ടം മാത്രമേ എനിക്കുള്ളൂ..
എന്നെ അവഗണിക്കാനാണ് ഭാവമെങ്കിൽ എം.എൽ.എ ,എം.പി,മന്ത്രി,ഗൾഫ്കാരൻ എന്നനോട്ടമൊന്നും എനിക്കില്ല കട്ടായം ഞാൻ അകത്താക്കിയിരിക്കും.
നിങ്ങളുടെ നാട്ടിൽ നിന്ന് വേഗം പോകാൻ നിങ്ങളുടെ മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും ആവശ്യപ്പെട്ടിട്ടുണ്ട് ഞാൻ സമ്മതം മൂളിയിട്ടുണ്ട്. നിങ്ങളായിട്ട് എന്നെ വിടാതെ വല്ലാതെ സ്നേഹിച്ചാൽ ...അറിയാലോ?
പിന്നെ പറയാൻ വിട്ട ഒരുകാര്യം പൊങ്കാല,കാഞ്ഞിരമുട്ടി,ചാണകം ഗോമൂത്രം ഇവകൊണ്ട് എന്നെ തുരത്താമെന്ന് ഒരു പോലീസുകാരനും വ്യാമോഹിക്കണ്ട.
എല്ലാവർക്കും കൈകൂപ്പി ഒരുമീറ്റർ അകലത്തിൽ നിന്നുകൊണ്ട്,
നിങ്ങളുടെ സ്വന്തം കൊറോണ

അനുബന്ധ വാര്‍ത്തകള്‍

Next Article