ചൈനയിലെ 2.1 കോടി മൊബൈല്‍ ഫോണ്‍ ഉപയോക്‍താക്കള്‍ എവിടെ? കൊറോണ മൂലം മരിച്ചവരുടെ എണ്ണത്തില്‍ ചൈന കള്ളം പറയുന്നു?

ജോര്‍ജി സാം

ചൊവ്വ, 24 മാര്‍ച്ച് 2020 (13:57 IST)
കൊറോണ വൈറസ് മൂലം ചൈനയിൽ മരണമടഞ്ഞവരുടെ എണ്ണം ചൈനീസ് ഭരണകൂടം പുറത്തുവിട്ട ഔദ്യോഗിക കണക്കുകളേക്കാൾ കൂടുതലായിരിക്കാമെന്ന് റിപ്പോര്‍ട്ടുകള്‍. 
 
കോവിഡ് -19 മൂലം ചൈനയിൽ 3,270 പേർ മരിക്കുകയും 81,093 പേർക്ക് രോഗം ബാധിക്കുകയും ചെയ്തു എന്നാണ് സി ജിൻ‌പിംഗ് സർക്കാർ പറയുന്നത്. എന്നാല്‍ ചൈനയിലെ ജനങ്ങള്‍ക്ക് ഇത് പൂര്‍ണമായും വിശ്വസിക്കാന്‍ കഴിയുന്നില്ല. അവര്‍ ഇക്കാര്യത്തില്‍ വിയോജിപ്പ് രേഖപ്പെടുത്തിക്കൊണ്ട് രംഗത്തുവരികയാണ്. കഴിഞ്ഞ മൂന്ന് മാസത്തിനിടെ സെൽ‌ഫോൺ ഉപയോക്താക്കളുടെ എണ്ണം 21 ദശലക്ഷം കുറഞ്ഞുവെന്ന് പലരും ചൂണ്ടിക്കാണിക്കുന്നു. ഈ 2.1 കോടി ജനങ്ങള്‍ എവിടെപ്പോയി എന്നാണ് അവര്‍ ചോദിക്കുന്നത്?
 
ന്യൂയോർക്കില്‍ വസിക്കുന്ന ചൈനീസ് ബ്ലോഗറായ ജെന്നിഫർ സെങ് മാർച്ച് 19 ന് പുറത്തിറക്കിയ റിപ്പോര്‍ട്ട് പ്രകാരം, സെൽഫോൺ ഉപയോഗിക്കുന്നവരുടെ എണ്ണം ഫെബ്രുവരിയിൽ 1.600957 ബില്ല്യണില്‍ നിന്ന് 1.579927 ബില്യണായി കുറഞ്ഞു. അതുപോലെ തന്നെ ലാൻഡ്‌ലൈൻ ഉപയോക്താക്കളുടെ എണ്ണം 190.83 ദശലക്ഷത്തിൽ നിന്ന് 189.99 ആയി കുറഞ്ഞു. അതായത് ഒറ്റ മാസം കൊണ്ട് ലാന്‍ഡ്‌ലൈന്‍ ഉപയോക്‍താക്കളുടെ എണ്ണത്തില്‍ 840,000 പേരുടെ കുറവ്.
 
കൊറോണ വൈറസുമായി ബന്ധപ്പെട്ട മരണങ്ങൾ കാരണം അക്കൗണ്ടുകൾ അടച്ചതാണ് ഈ ഡ്രോപ്പിന് കാരണമെന്നാണ് സെങ് വ്യക്തമാക്കിയിരിക്കുന്നത്. 
 
സെൽഫോണുകൾ ചൈനയിലെ ജീവിതത്തിന്റെ ഒഴിച്ചുകൂടാനാവാത്ത ഭാഗമാണ്.  ഫോണ്‍ ഉപയോഗിക്കുന്നവരുടെയെല്ലാം ഐഡന്റിറ്റി സ്ഥിരീകരിക്കുന്നതിനായി 2019 ഡിസംബർ ഒന്നിന് ചൈന ഫേഷ്യൽ സ്കാൻ നടത്തിയിരുന്നു. 2019 ഡിസംബറിൽ സെൽഫോൺ അക്കൗണ്ടുകൾ വർദ്ധിച്ചെങ്കിലും കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ടതിനുശേഷം കുത്തനെ ഇടിഞ്ഞു എന്നാണ് വിവരം.
 
ചൈനീസ് സെൽഫോൺ വിപണിയിൽ 60 ശതമാനവും കൈവശമുള്ള 'ചൈന മൊബൈൽ' കമ്പനി, ഫേഷ്യൽ സ്കാൻ ആവശ്യകതയെത്തുടർന്ന് 2019 ഡിസംബറിൽ 3.732 ദശലക്ഷം അക്കൗണ്ടുകൾ കൂടി നേടിയെങ്കിലും 2020 ജനുവരിയിൽ അവര്‍ക്ക് 0.862 ദശലക്ഷവും ഫെബ്രുവരിയിൽ 7.254 ദശലക്ഷവും അക്കൌണ്ടുകള്‍ നഷ്ടപ്പെടുകയാണ് ഉണ്ടായത്.

എന്നാല്‍ മൊബൈല്‍ ഫോണ്‍ ഉപയോക്‍താക്കളുടെ എണ്ണത്തിലെ കുറവിന് പല കാരണങ്ങള്‍ ഉണ്ടാകാമെന്നാണ് വിദഗ്‌ധര്‍ അഭിപ്രായപ്പെടുന്നത്. അതും ചൈനയിലെ ഇപ്പോഴത്തെ ആരോഗ്യാന്തരീക്ഷവും തമ്മില്‍ ബന്ധമൊന്നുമില്ലെന്നും വിദഗ്‌ധര്‍ പറയുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍