കൊലക്കേസ് പ്രതിയ്ക്ക് വയസ് 55: പക്ഷേ ജുവനൈൽ ജസ്റ്റിസ് ബോർഡ് ശിക്ഷ വിധിയ്ക്കണമെന്ന് സുപ്രീം കോടതി !

Webdunia
വെള്ളി, 9 ഒക്‌ടോബര്‍ 2020 (10:45 IST)
ഡല്‍ഹി: കൊലപാതകക്കേസില്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയ 55 കാരന് ജുവനൈൽ ജസ്റ്റിസ് ബോർഡ് ശിക്ഷ വിധിയ്ക്കണം എന്ന് ഉത്തരവിട്ട് സുപ്രീം കോടതി. 1981ൽ കൊലപാതകം നടത്തുന്ന സമയത്ത് പ്രതിയ്ക്ക് പ്രായം 18 വയസിൽ താഴെയായിരുന്നു എന്നതിനാലാണ് കേസിൽ ശിക്ഷ ഉത്തർപ്രദേശ് ജുവനൈൽ ജസ്റ്റിസ് ബോർഡ് തീരുമാനിയ്ക്കണം എന്ന് സുപ്രീം കോടതി ഉത്തരവിട്ടത്. ഉത്തര്‍പ്രദേശിലെ ബഹ്‌റൈച്ച്‌ കോടതി വിധിച്ച ശിക്ഷ സുപ്രീം കോടതി റദ്ദാക്കി. ജസ്റ്റിസുമാരായ എസ് അബ്ദുള്‍ നസീര്‍, സഞ്ജീവ് ഖന്ന എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് തീരുമാനം.  
 
കുറ്റകൃത്യം നടന്ന ദിവസം പ്രതിയായിരുന്ന സത്യദേവിന് 18 വയസ്സിന് താഴെയായിരുന്നു പ്രായം. അതിനാല്‍ അദ്ദേഹത്തെ ജുവനൈല്‍ ആയി പരിഗണിച്ച്‌ നിയമത്തിന്റെ ആനുകൂല്യം നല്‍കണമെന്ന് ജസ്റ്റിസ് സഞ്ജീവ് ഖന്ന നിരീക്ഷിച്ചു. ജുവനൈല്‍ ആയതിനാല്‍ കുറ്റവാളിക്കും നിയമപരമായി ലഭിക്കുന്ന ആശ്വാസം നഷ്ടപ്പെടുത്താന്‍ കഴിയില്ല എന്നും കോടതി വ്യക്തമാക്കി. ബഹ്റൈച്ചിലെ കോടതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയപ്പോള്‍ സത്യദേവ് സുപ്രീംകോടതിയെ സമീപിയ്ക്കുകയായിരുന്നു. ഇതോടെ കേസിനെ കുറിച്ച് അന്വേഷിയ്ക്കാൻ സുപ്രിം കോടതി ജില്ല ജഡ്ജിയ്ക്ക് നിർദേശം നൽകി.  
 
കുറ്റകൃത്യം നടന്ന 1981 ഡിസംബര്‍ 11 ന് സത്യദേവിന്റെ പ്രായം 16 വയസും ഏഴു മാസവും 26 ദിവസവും ആയിരുന്നു എന്ന് ജില്ല ജഡ്ജി നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കേസിൽ ശിക്ഷ ജുവനൈൽ ജസ്റ്റിസ് ബോർഡ് വിധിയ്ക്കട്ടെ എന്ന തീരുമാനത്തിലേയ്ക്ക് സുപ്രീം കോടതി എത്തിയത്. 1986 ലെ ജുവനൈല്‍ ജസ്റ്റിസ് ആക്റ്റ് പ്രകാരമാണ് ബഹ്‌റൈച്ച്‌ കോടതി കുറ്റവാളിയ്ക്ക് ജീവപര്യന്തം തടവിന് ശിക്ഷ വിധിച്ചത്. എന്നാൽ പുതിയ ജുവനൈല്‍ ജസ്റ്റിസ് ആക്‌ട് 2000ൽ നിലവില്‍ വന്നിരുന്നു. കുറ്റം ചെയ്ത സമയത്ത് പ്രതി 18 വയസ്സിന് താഴെയാണെങ്കില്‍ ഭേദഗതി ചെയ്ത നിയമം പ്രകാരം വിചാരണ നടക്കേണ്ടത് ജുവനൈല്‍ ജസ്റ്റിസ് കോടതിയിലാണ്. 

അനുബന്ധ വാര്‍ത്തകള്‍

Next Article