ഹൃദയാഘാതം ഒഴിവാക്കുന്നതിനായി എച് ഡി എല്‍(ഹൈ ഡെന്‍സിറ്റി ലിപോ പ്രോട്ടീന്‍)സഹായിക്കുമെന്ന ധാരണയാണ് പൊതുവെ ഉള്ളത്. എന്നാല്‍ ആ ധാരണ തിരുത്താനുള്ള സമയമായി എന്നാണ് പുതിയ ഗവേഷണങ്ങളില്‍ തെളിയുന്നത്. നല്ല കൊളസ്ട്രോള്‍ എന്നറിയപ്പെടുന്ന എച് ഡി എല്ലിന്‍റെ തകരാറുളള രൂപം ദോഷകരമാണെന്ന് കണ്ടെത്തി. ഇത് ഹൃദയത്തെ ദോഷകരമായി ബാധിക്കും. എച്ച് ഡി എല്ലില്‍ അടങ്ങിയിരിക്കുന്ന ചില പ്രോട്ടിനുകളാണ് അപകടകാരികള്‍.
രക്തധമനികളില്‍ തടസം ഉണ്ടാകാനുള്ള പ്രധാനകാരണം ലോ ഡെന്‍സിറ്റി ലിപോ പ്രോട്ടീന്‍ (എല്‍ ഡി എല്‍) ആണ്. എച് ഡി എല്‍ രക്തധമനികളില്‍ നിന്ന് കൊഴുപ്പ് നീക്കുകയും വീക്കമുണ്ടാകുന്നത് തടയുകയും ചെയ്യുന്നു. ഇത് ഹൃദയാഘാതമുണ്ടാകുന്നതില്‍ നിന്ന് സംരക്ഷണം നല്‍കുന്നുണ്ട്.
കൂടുതല്‍ അളവില്‍ എച് ഡി എല്‍ ഉള്ളവരില്‍ ഹൃദയാഘാതം ഉണ്ടാകാനുള്ള സാധ്യത കുറവായിരിക്കും. ഒമേഗ 3 ഫാറ്റി ആസിഡ്സ് ഉള്ള ഭക്ഷണം കൂടുതല്‍ കഴിച്ചാല്‍ എച് ഡി എല്‍ ശരിരത്തില്‍ ഉയര്‍ത്താന്‍ കഴിയും. മത്സ്യം , ഒലീവ് എണ്ണ എന്നിവയില്‍ ഒമേഗ 3 ഫാറ്റി ആസിഡ്സ് വര്‍ദ്ധിച്ച അളവില്‍ അടങ്ങിയിട്ടുണ്ട്. ചെറിയ തോതില്‍ മദ്യം കഴിക്കുന്നത് കൊണ്ടും ഇതുണ്ടാകും.
എന്നാല്‍, പുതിയ ഗവേഷണത്തില്‍ തെളിയുന്നത് എച് ഡി എല്ലില്‍ അടങ്ങിയിട്ടുള്ള ചില പ്രോട്ടീനുകള്‍ അപകടകാരികളാണെന്നാണ്. എച് ഡി എല്ലിലെ തന്മാത്രകളില്‍ ഈ പ്രോട്ടീനുകള്‍ കൂടുതല്‍ അളവില്‍ ഉണ്ടെങ്കില്‍ അത് ദോഷകരമാകുമെന്നാണ് പുതിയ കണ്ടെത്തല്‍. എച് ഡി എല്ലിന്‍റെ അളവ് കൂട്ടിയതു കൊണ്ട് മാത്രം കാര്യമില്ലെന്നാണ് പുതിയ ഗവേഷണത്തില്‍ തെളിഞ്ഞത്. പ്രയോജനകരമായ പ്രോട്ടീനുകളുടെ അളവാണ് വര്‍ദ്ധിപ്പിക്കേണ്ടത്.