കളം പിടിക്കാന്‍ സൗത്ത് ഇന്ത്യന്‍ ബാങ്ക്; ലക്ഷ്യം ലക്ഷം കോടി!

Webdunia
വ്യാഴം, 17 ജൂലൈ 2014 (16:09 IST)
അടുത്ത സാമ്പത്തിക വര്‍ഷം ഒരു ലക്ഷം കോടി രൂപയുടെ ബിസ്സിനസ് ലക്ഷ്യമിട്ട് സൌത്ത് ഇന്ത്യന്‍ ബാങ്ക് കര്‍മ്മ പദ്ധതിയുമായി മുന്നൊട്ട്. ഇതിന്റെ ഭാഗമായി അരുണാചല്‍ പ്രദേശ്, സിക്കിം എന്നിവിടങ്ങളിലുള്‍പ്പടെ ഈ വര്‍ഷം പുതിയതായി 50 ശാഖകളും 250 എടിഎമ്മുകളും തുറക്കാനും ശാഖകള്‍ തുടങ്ങുന്നതോടൊപ്പം ബാങ്കിലെ ജീവനക്കാരുടെ എണ്ണം 7500 ആക്കി ഉയര്‍ത്താനും പദ്ധതിയുണ്ട്.
 
നടപ്പുവര്‍ഷം ആദ്യ പാദത്തില്‍ സൗത്ത് ഇന്ത്യന്‍ ബാങ്കിന് 126.65 കോടി രൂപയുടെ ലാഭം കിട്ടിയതോടെയാണ് ബാങ്ക് പുതിയ പദ്ധതികള്‍ ആവിഷ്കരിച്ചിരിക്കുന്നത്. കഴിഞ്ഞബ് വര്‍ഷം ഇതേ സമയം 114.84 കോടി രൂപയായിരുന്നു ലാഭം.  അതേ സമയം ബിസിനസ് 6,058 കോടി രൂപയുടെ വര്‍ധനയോടെ 81,181 കോടിയിലെത്തി.
 
മുന്‍ വര്‍ഷത്തെ 75,123 കോടിയില്‍ നിന്ന് 8.06 ശതമാനം വര്‍ധനവാണ് ബാങ്കിനു ലഭിച്ചത്. മൊത്തം നിഷ്‌ക്രിയ ആസ്തി 1.5 ശതമാനത്തിലേക്കും അറ്റ നിഷ്‌ക്രിയ ആസ്തി 0.91 ശതമാനത്തിലേക്കും കുറയ്ക്കാന്‍ കഴിഞ്ഞതും ബാങ്കിന് നേട്ടമായി.
 
2014 ഏപ്രില്‍ - ജൂണ്‍ കാലയളവില്‍ നിക്ഷേപം 43,584 കോടിയില്‍ നിന്ന് 46,489 കോടിയായി ഉയര്‍ന്നു-6.67 ശതമാനം വര്‍ധന. അതേസമയം, വായ്പ പത്തു ശതമാനം വളര്‍ച്ച രേഖപ്പെടുത്തി. മുന്‍ വര്‍ഷത്തെ 31,539 കോടി രൂപയില്‍ നിന്ന് 34,692 കോടിയായാണ് ഉയര്‍ന്നത്. കോര്‍ നിക്ഷേപം 21.05 ശതമാനം ഉയര്‍ന്ന് 29,714 കോടി രൂപയില്‍ നിന്ന് 35,970 കോടിയിലെത്തി. കറന്റ് - സേവിങ്‌സ് നിക്ഷേപം 8,968 കോടി രൂപയില്‍ നിന്ന് 10,261 കോടി രൂപയായി വര്‍ദ്ധിച്ചു.