വാഹന വിപണിയിൽ വന്‍ തരംഗം സൃഷ്ടിച്ച് മുന്നേറുന്ന ഹ്യുണ്ടേയ് ക്രേറ്റയ്ക്കും ജീപ്പ് കോമ്പസിനും തിരിച്ചടി നല്‍കാന്‍ റെനൊ എത്തുന്നു. റെനൊ ക്യാപ്റ്റർ എന്ന എസ്‌യുവിയുമായാണ് കമ്പനി എത്തുന്നത്. കഴിഞ്ഞദിവസം മുതല്‍ ക്യാപ്റ്ററിന്റെ ബുക്കിംഗ് ആരംഭിച്ചതായി റെനോ വ്യക്തമാക്കി. 25,000 രൂപ മുന്‍കൂര്‍ പണമടച്ച് ഉപഭോക്താക്കള്‍ക്ക് പുതിയ എസ്‌യുവിയെ ബുക്ക് ചെയ്യാമെന്നും കമ്പനിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.
റെനോ ക്യാപ്റ്റർ ആപ്പ് മുഖേനയും റെനോ ഇന്ത്യയുടെ ഔദ്യോഗിക വെബ്‌സൈബ്റ്റ് വഴിയും ഈ എസ്‌യുവി ബുക്ക് ചെയ്യാന്‍ സാധിക്കും. ഡസ്റ്റര്‍ എസ്‌യുവി, ലോഡ്ജി എംപിവി മോഡലുകള്‍ ഒരുങ്ങിയ ബിഒ പ്ലാറ്റ്‌ഫോമില്‍ തന്നെയാണ് റെനോ ക്യാപ്റ്ററും എത്തുന്നത്. ഹ്യുണ്ടേയ് ക്രേറ്റ, മഹീന്ദ്ര എക്സ്‍യുവി 500, ജീപ്പ് കോംപസ് എന്നീ വാഹനങ്ങളുമായായിരിക്കും ഈ എസ്‌യുവിയും ഏറ്റുമുട്ടുക.
ഉത്സവകാലത്തിന് മുന്നോടിയായി ഓക്ടോബര്‍ മാസത്തിലായിരിക്കും ക്യാപ്റ്ററിനെ ഔദ്യോഗികമായി റെനോ വിപണിയില്‍ ലഭ്യമാക്കുക എന്നാണ് റിപ്പോര്‍ട്ട്. ക്രോസ്ഓവര്‍ സെഗ്മന്റിലേക്കുള്ള റെനോയുടെ പ്രീമിയം സമര്‍പ്പണമാണ് ക്യാപ്റ്റര്‍ എന്നാണ് കമ്പനി പറയുന്നത്‍. ഡിസൈന്‍ മുഖത്ത് റെനോയുടെ വ്യക്തി മുദ്ര പതിപ്പിച്ചായിരിക്കും ക്യാപ്റ്റര്‍ എത്തുക.
10 ലക്ഷത്തിനും 20 ലക്ഷം രൂപയ്ക്കും ഇടയിലായാകും റെനോ ക്യാപ്ച്ചര്‍ വിപണിയില്‍ സാന്നിധ്യമറിയിക്കുക.
റെനോയുടെ സിഗ്‌നേച്ചര്‍ ഐബ്രോയ്ക്ക് ഒപ്പമുള്ള എല്‍ഇഡി ഹെഡ്ലാമ്പുകള്‍, സി ആകൃതിയിലുള്ള എല്‍ഇഡി ഡേ ടൈം റണ്ണിംഗ് ലൈറ്റുകള്‍, ഹെഡ്ലാമ്പുകളെ തമ്മില്‍ ബന്ധപ്പെടുത്തുന്ന ബ്ലാക് ബാര്‍, പരുക്കന്‍ ലുക്കിനായുള്ള പ്ലാസ്റ്റിക് ക്ലാഡിംഗ് എന്നിങ്ങനെയുള്ള ഫീച്ചറുകള്‍ ഫ്രണ്ട് പ്രൊഫൈലിനെ മനോഹരമാക്കും.
ബ്ലൂടൂത്ത്, യുഎസ്ബി, AUX കണക്ടിവിറ്റി എന്നിവയോടുകൂടിയ 7.0 ഇഞ്ച് ടച്ച്സ്‌ക്രീനാണ് വാഹനത്തിന്റെ അകത്തളത്തെ പ്രധാന ഹൈലൈറ്റ്. സ്റ്റീയറിംഗ് മൗണ്ടഡ് കണ്‍ട്രോളുകള്‍, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, ഫ്ളാറ്റ് ബോട്ടം സ്റ്റീയറിംഗ് വീല്‍ എന്നിങ്ങനെയുള്ള ഇന്റീരിയര്‍ ഫീച്ചറുകളും ഈ വാഹനത്തിലുണ്ടായിരിക്കും.
എബിഎസ്, ഡ്യൂവല്‍ ഫ്രണ്ട് എയര്‍ബാഗുകള്‍, ഇബിഡി, ഇലക്ട്രോണിക് സ്റ്റബിലിറ്റി കണ്‍ട്രോള്‍, ബ്രേക്ക് അസിസ്റ്റ്, ഹില്‍ സ്റ്റാര്‍ട്ട് അസിസ്റ്റ് എന്നിങ്ങനെയുള്ള സുരക്ഷാ ക്രമീകരണങ്ങളും ഈ വാഹനത്തിലുണ്ടായിരിക്കും. പെട്രോള്‍, ഡീസല്‍ എന്നീ രണ്ട് വകഭേദങ്ങളില്‍ റെനോ ക്യാപ്റ്റര്‍ ലഭ്യമാകും.
അഞ്ച് സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സോടെയുള്ള 16 വാല്‍വ് ഫോര്‍-സിലിണ്ടര്‍ 1.5 ലിറ്റര്‍ H4K എഞ്ചിനാണ് പെട്രോള്‍ പതിപ്പിന് കരുത്തേകുക. 105 ബി എച്ച് പി കരുത്തും 142 എന്‍ എം ടോര്‍ക്കുമാണ് ഈ എഞ്ചിന്‍ സൃഷ്ടിക്കുക. അതേസമയം, 109 ബിഎച്ച്പി കരുത്തും 240 എന്‍ എം ടോര്‍ക്കും ഉല്പാദിപ്പിക്കുന്ന1.5 ലിറ്റര്‍ K9K ഡീസല്‍ എഞ്ചിനിലും കാപ്റ്റര്‍ എത്തും. ആറ് സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സായിരിക്കും ഡീസല്‍ പതിപ്പില്‍ ഉണ്ടായിരിക്കുക.