രാജ്യം വിലക്കയറ്റ ഭീഷണിയിൽ: ആർബിഐ നിരക്കുകളിൽ മാറ്റം വരുത്തുമോ?

തിങ്കള്‍, 2 ഓഗസ്റ്റ് 2021 (19:18 IST)
തുടർച്ചയായ മാസങ്ങളിൽ രാജ്യം വിലക്കയറ്റത്തിൽ കഷ്ടപ്പെടുന്ന സാഹചര്യത്തിൽ ആർബിഐ തങ്ങളുടെ മോണിറ്ററി പോളിസിയിൽ മാറ്റം വരുത്തുമോ എന്ന ആകാംക്ഷയിലാണ് ബിസിനസ് ലോകം. രാജ്യത്ത് കശിഞ്ഞ രണ്ട് മാസമായി ഉപഭോക്തൃ വിലസൂചിക ആറുശതമാനത്തിന് മുകളിലാണ്. ലക്ഷ്യനിരക്കായ നാലുശതമാനത്തിത്തിലൊതുക്കാൻ സാധിക്കാത്തതിനാലാണ് ആർബിഐ തീരുമാനത്തിൽ ആകാംക്ഷയുയർത്തുന്നത്.
 
 ഉപഭോക്തൃ വിലസൂചിക ആറ് ശതമാനത്തിൽ അധികമാവാൻ പാടില്ലെന്നാണ് റിസർവ് ബാങ്കിന്റെ നിലപാട്. വാണിജ്യ ബാങ്കുകൾക്ക് റിസർവ് ബാങ്ക് നൽകുന്ന ഹ്രസ്വകാല വായ്പയുടെ പലിശയായ റിപ്പോനിരക്ക് ഒരുവർഷത്തിലേറെയായി നാലുശതമാനമാണ്. ബാങ്കുകളുടെ നിക്ഷേപത്തിന് റിസർവ് ബാങ്ക് നൽകുന്ന റിവേഴ്‌സ് റിപ്പോ 3.35 ശതമാനമാണ്. 
 
പല വികസ്വര രാജ്യങ്ങളിലെ കേന്ദ്ര ബാങ്കുകളും വിലക്കയറ്റം നിയന്ത്രിക്കുന്നതിന് നിരക്ക് വർധനയുടെ വഴി തിരെഞ്ഞെടുത്തതിനാൽ ആർബിഐയും സമാനമായ നിലപാടിലെത്തി ചേരുമെന്നാണ് കരുതുന്നത്. പെട്രോൾ, ഡീസൽ എന്നിവയുടെ ചില്ലറ വിലയിൽ 10ശതമാനംവർധനവുണ്ടാകുമ്പോൾ വിലക്കയറ്റ സൂചികയിൽ അര ശതമാനം വർധനവുണ്ടാകുമെന്നാണ് കണക്ക്.
 
ഇന്ധനവിലക്കയറ്റം തുടരുന്നതിനാൽ രാജ്യത്ത് പണപ്പെരുപ്പനിരക്കും ഉയരുകയാണ്. ഇതിനെ പിടിച്ചു നിർത്താൻ ആർബിഐ റിപ്പോ, റിവേഴ്‌സ് റിപ്പോകളിൽ മാറ്റം വ്അരുത്തുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്.മൂന്നുദിവസം നീണ്ടുനിൽക്കുന്ന പണവായ്പ അവലോകന സമിതി(എംപിസി)യോഗതീരുമാനം ഓഗസ്റ്റ് ആറിനാണ് പ്രഖ്യാപിക്കുക.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍