മാർച്ച് മാസത്തോടെ 95 ശതമാനം മൊബൈൽ വാലറ്റ് കമ്പനികൾക്കും പൂട്ട്‌വീഴുമെന്ന് റിപ്പോർട്ടുകൾ

Webdunia
ഞായര്‍, 13 ജനുവരി 2019 (16:18 IST)
മാര്‍ച്ച്‌ മാസത്തോടെ രാജ്യത്ത് പ്രവര്‍ത്തിക്കുന്ന 95 ശതമാനം മൊബൈല്‍ വാലറ്റ് കമ്പനികളും അടച്ചുപൂട്ടേണ്ടി വരുമെന്ന് റിപ്പോര്‍ട്ട്. 2019 ഫെബ്രുവരി അവസാനത്തോടെ ഉപഭോക്താക്കളുടെ കെവൈസി വെരിഫിക്കേഷന്‍ പൂര്‍ത്തിയാക്കണമെന്ന നിര്‍ദേശത്തെതുടര്‍ന്നാണിത്. 
 
2017 ഒക്ടോബറിലാണ് മൊബൈല്‍ വാലറ്റുകള്‍ക്ക് റിസര്‍വ് ബാങ്ക് ഈ നിര്‍ദേശം നല്‍കിയത്. എന്നാല്‍ മിക്കവാറും കമ്പനികള്‍ ഇനിയും ബോയമെട്രിക് അല്ലെങ്കില്‍ ഫിസിക്കല്‍ വെരിഫിക്കേഷന്‍ പൂര്‍ത്തിയാക്കിയിട്ടില്ല.
 
ആധാര്‍ ആക്ടിലെ അമ്പത്തിയേഴാം വകുപ്പ് സുപ്രീംകോടതി എടുത്തുകളഞ്ഞതോടെ, ബയോമെട്രിക് ഇ-കെ.വൈ.സി വെരിഫിക്കേഷന്‍ എന്ന വഴി കമ്പനികള്‍ക്കു മുന്നില്‍ അടഞ്ഞുകിടക്കുകയാണ്. മറുവഴി തേടാനും ഇതുവരെ വാലറ്റ് കമ്പനികൾക്ക് കഴിയാതെ വന്നതോടെയാണ് പൂട്ടേണ്ട സ്ഥിതിയിലേക്ക് എത്തിനിൽക്കുന്നത്.
 
രാജ്യത്തെ ഏറ്റവും വലിയ വാലറ്റ് കമ്പനിയായ പേടിഎം ഉൾപ്പെടെയുള്ള കമ്പനികൾക്ക് പോലും നടപടി പൂര്‍ത്തിയാക്കാന്‍ ഇതുവരെ ആയിട്ടില്ല. ഇനിയും 30 ശതമാനം ബാക്കിയുണ്ടെന്നാണ് പേടിഎം അറിയിക്കുന്നത്. ഇ-വെരിഫിക്കേഷനു പകരം പഴയതുപോലെ ഫിസിക്കല്‍ വെരിഫിക്കേഷനാണ് പേടിഎം നടത്തുന്നത്.

അനുബന്ധ വാര്‍ത്തകള്‍

Next Article