പ്രമുഖ വിമാനകമ്പനിയായ ജെറ്റ് എയർവെയ്‌സ് രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം തിരിച്ചെത്തുന്നു. അടുത്ത വർഷത്തിന്റെ തുടക്കത്തിൽ ആഭ്യന്തര വിമാന സർവീസ് പുനരാരംഭിക്കുമെന്ന് കമ്പനി അറിയിച്ചു. അടുത്ത വർഷം പകുതിയോടെ രാജ്യാന്തര സർവീസ് തുടങ്ങാനും ആലോചിക്കുന്നതായി കമ്പനി പ്രസ്‌താവനയിൽ അറിയിച്ചു.
നഷ്ടം കുമിഞ്ഞുകൂടിയതിനെ തുടർന്ന് 2019ലാണ് ജെറ്റ് എയർവെയ്‌സ് പ്രവർത്തനം നിർത്തിയത്.ജൂണിലാണ് ജെറ്റ് എയർവേയ്‌സിനെ മടക്കികൊണ്ടുവരാനുള്ള പദ്ധതിക്ക് നാഷണൽ കമ്പനീസ് ലോ ട്രിബ്യൂണൽ അനുമതി നൽകിയത്. വരും മാസങ്ങളിൽ കടം കൊടുത്തുതീർക്കുമെന്നും കമ്പനി അറിയിച്ചു. എയർ ഓപ്പറേറ്റർ സർട്ടിഫിക്കറ്റ് പുതുക്കി കിട്ടാനുള്ള നടപടികൾ ആരംഭിച്ചതായും കമ്പനി അറിയിച്ചു.
3 വർഷം കൊണ്ട് അൻപതിലധികം വിമാനങ്ങളുള്ള കമ്പനിയാക്കി ജെറ്റ് എയർവെയ്‌സിനെ മാറ്റാനാണ് പദ്ധതി. അഞ്ചുവർഷം കൊണ്ട് നൂറിലധികം വിമാനങ്ങളുള്ള കമ്പനിയാക്കി പരിഷ്‌കരിക്കാനും ലക്ഷ്യമുണ്ട്. ഡൽഹി ആസ്ഥാനമായായിരിക്കും കമ്പനി രണ്ടാം വരവിൽ പ്രവർത്തിക്കുക.