കേന്ദ്ര സർക്കാരിന്റെ നോട്ട് പിൻവലിക്കലിനെ തുടർന്ന് ഏർപ്പെടുത്തിയ നിയന്ത്രണങ്ങളെല്ലാം നീക്കിയതായി ആർ ബി ഐ വ്യക്തമാക്കുന്നു. ഇന്നുമുതൽ ബാങ്ക് അക്കൗണ്ടുകളിൽനിന്നും എടിഎമ്മുകളിൽനിന്നും എത്ര പണം വേണമെങ്കിലും പിൻവലിക്കാം. നിയന്ത്രണങ്ങൾ ഉണ്ടാകില്ല.
പണം പിൻവലിക്കുന്ന കാര്യത്തിൽ നിയന്ത്രണമുണ്ടാവില്ല എന്നു വ്യക്തമാക്കിയെങ്കിലും, പണം പിൻവലിക്കുന്നതിനുള്ള പരിധി സംബന്ധിച്ച് അതത് ബാങ്കുകൾക്ക് തീരുമാനമെടുക്കാമെന്നും ആർ ബി ഐ വ്യക്തമാക്കിയിരിക്കുകയാണ്. നാലു മാസംനീണ്ട നിയന്ത്രണങ്ങൾക്കാണ് ഇതോടെ അവസാനമാകുന്നത്.
കറന്റ്, ക്യാഷ് ക്രെഡിറ്റ്, ഓവർഡ്രാഫ്റ്റ് അക്കൗണ്ടുകൾക്കും നിലവിലുണ്ടായിരുന്ന എല്ലാ നിയന്ത്രണവും അവസാനിച്ചു. കഴിഞ്ഞ നവംബർ എട്ടിന് പ്രധാനമന്ത്രി നരേന്ദ്രമോദി ആയിരം, അഞ്ഞൂറ് നോട്ടുകൾ പിൻവലിച്ചതോടെയാണ് കടുത്ത നിയന്ത്രണങ്ങൾ ആർബിഐ കൊണ്ടുവന്നത്.