പ്രതിസന്ധി രൂക്ഷം: ബെംഗളുരുവിലെ ഓഫീസ് ഒഴിഞ്ഞ് ബൈജൂസ്

Webdunia
ചൊവ്വ, 25 ജൂലൈ 2023 (18:17 IST)
കടുത്ത സാമ്പത്തികപ്രതിസന്ധിയില്‍ കുടുങ്ങിയതിനെ തുടര്‍ന്ന് പ്രമുഖ വിദ്യാഭ്യാസ ടെക്‌നോളജി സ്ഥാപനമായ ബൈജൂസ് ബെംഗളുരുവിലെ തങ്ങളുടെ ഓഫീസ് സ്‌പേസ് ഒഴിഞ്ഞതായി മണി കണ്ട്രോള്‍ റിപ്പോര്‍ട്ട് ചെയ്തു. ചെലവ് ചുരുക്കുന്നതിന്റെ ഭാഗമായാണ് കമ്പനിയുടെ നടപടി. ബെംഗളുരുവില്‍ 3 ഓഫീസുകളാണ് കമ്പനിക്കുള്ളത്. ഇതില്‍ 5.58 ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള കല്യാണി ടെക് പാര്‍ക്കിലെ ഓഫീസാണ് കമ്പനി ഒഴിഞ്ഞിരിക്കുന്നത്. ഇവിടെ ജോലി ചെയ്യുന്ന ജീവനക്കാരോട് മറ്റ് ഓഫീസുകളിലേക്ക് മാറാനോ അല്ലെങ്കില്‍ വര്‍ക്ക് ഫ്രം ഹോം സംവിധാനത്തിലേക്ക് മാറാനോ ആണ് കമ്പനി ആവശ്യപ്പെട്ടിട്ടുള്ളത്.
 
രാജ്യമെമ്പാടുമായി 30 ലക്ഷം ചതുരശ്രയടി ഓഫീസ് സ്‌പേസാണ് ബൈജൂസിനുള്ളത്. കഴിഞ്ഞ ജൂണിലാണ് ബെംഗളുരുവില്‍ രണ്ട് ഓഫീസ് കോമ്പ്‌ലെക്‌സുകള്‍ കമ്പനി വാടകയ്ക്ക് എടുത്തത്. ഇതില്‍ ഒരെണ്ണം ഒഴിയുകയും ജീവനക്കാരെ മാറ്റി വിന്യസിക്കുകയും ചെയ്തിരുന്നു. ഓഗസ്‌റ്റോടെ രണ്ടാമത്തെ കെട്ടിടവും ഒഴിയാനാണ് കമ്പനിയുടെ തീരുമാനം. അതേസമയം നിലവിലെ പ്രതിസന്ധി പരിഹരിക്കാന്‍ വായ്പക്കാരുമായി ബൈജൂസ് ധാരണയിലെത്തിയതായി റിപ്പോര്‍ട്ടുകളുണ്ട്. ഇതുമായി ബന്ധപ്പെട്ട പ്രസ്താവന ഇന്ന് ഉണ്ടായേക്കും. വായ്പയെടുത്തയാള്‍ക്ക് പലിശമാത്രം അടച്ചുകൊണ്ട് മുതല്‍ തിരിച്ചടയ്ക്കാന്‍ സമയം നല്‍കുന്ന ടേം ബി സംവിധാനത്തിലേക്ക് മാറാന്‍ വായ്പക്കാരുമായി ബൈജൂസ് ധാരണയായി എന്നാണ് റിപ്പോര്‍ട്ടുകള്‍ അങ്ങനെയെങ്കില്‍ നിലവിലെ സാമ്പത്തിക പ്രതിസന്ധിയ്ക്ക് അല്പം ആശ്വാസം നല്‍കാന്‍ ഈ തീരുമാനത്തിനാകും.
 

അനുബന്ധ വാര്‍ത്തകള്‍

Next Article