21 രൂപക്ക് മഴക്കാല ദുരിതാശ്വാസ ഭക്‍ഷ്യധാന്യം: കേരളം എടുത്തില്ല

Webdunia
വ്യാഴം, 17 ഒക്‌ടോബര്‍ 2013 (09:32 IST)
മഴക്കെടുതിക്കാല ദുരിതാശ്വാസമായി കേന്ദ്രസര്‍ക്കാര്‍ അധികമായി അനുവദിച്ച എഴുപതിനായിരം ടണ്‍ ഭക്‍ഷ്യധാന്യം കേരളം എടുത്തില്ലെന്ന് റിപ്പോര്‍ട്ട്.

ഉയര്‍ന്ന വിലയ്ക്ക് അനുവദിച്ചതിനാല്‍ വിറ്റഴിക്കാന്‍ ബുദ്ധിമുട്ടുള്ളതു കൊണ്ടാണ് ഭക്‍ഷ്യധാന്യമെടുക്കാത്തതെന്നാണ് റിപ്പോര്‍ട്ട്.

ഓണക്കാലത്ത് 64000 ടണ്ണും വെള്ളപ്പൊക്ക ദുരിതാശ്വാസമായി 70000 ടണ്ണും ഭക്‍ഷ്യധാന്യവുമാണ് കേന്ദ്രസര്‍ക്കാര്‍ അനുവദിച്ചത്. വെള്ളപ്പൊക്ക ദുരിതാശ്വാസത്തിന് അനുവദിച്ച അരിയും ഗോതമ്പും എടുക്കാനുള്ള അവസാന ദിവസം കഴിഞ്ഞമാസം 17ന് അവസാനിച്ചിരുന്നു.

കിലോയ്ക്ക് 21 രൂപ നിരക്കിലാണ് ഓണക്കാലത്തും മഴക്കെടുതിക്കാലത്തും അധികമായി അരി അനുവദിച്ചത്. സാധാരണ 8.90 രൂപ നിരക്കിലാണ് കേന്ദ്രം അരി നല്‍കിയിരുന്നത്. ഇതിന് സംസ്ഥാനം സബ്‌സിഡി നല്‍കിയാണ് ഒരു രൂപ നിരക്കിലും രണ്ട് രൂപ നിരക്കിലും അരി വിതരണം ചെയ്തിരുന്നത്.

21 രൂപ നിരക്കിലെ അരി കുറഞ്ഞ വിലയ്ക്ക് നല്‍കണമെങ്കില്‍ പത്തൊന്‍പത് രൂപയോളം ഒരു കിലോ അരിക്ക് സബ്‌സിഡി നല്‍കേണ്ടി വരുമത്രെ. ഈ അധിക സാമ്പത്തികഭാരം വരാതിരിക്കാനാണത്രെ സംസ്ഥാനം അധിക അരി ഏറ്റെടുക്കാത്തതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.