സ്വര്‍ണവ്യാപാരികള്‍ സമരം പിന്‍‌വലിച്ചു

Webdunia
വെള്ളി, 6 ഏപ്രില്‍ 2012 (16:33 IST)
PRO
PRO
കേന്ദ്രബജറ്റില്‍ സ്വര്‍ണത്തിന്റെ നികുതി വര്‍ധിപ്പിച്ച കാര്യത്തില്‍ ഉചിതമായ തീരുമാനമെടുക്കാമെന്ന് സ്വര്‍ണ വ്യാപാരികള്‍ക്ക് ധനമന്ത്രി പ്രണബ് മുഖര്‍ജി ഉറപ്പുനല്‍കി. ഇതോടെ, സ്വര്‍ണ വ്യാപാരികള്‍ നടത്തിവന്ന സമരം പിന്‍വലിച്ചു.

നികുതി വര്‍ധിപ്പിച്ചതില്‍ പ്രതിഷേധിച്ച് കഴിഞ്ഞ 21 ദിവസമായി വിവിധ സംസ്ഥാനങ്ങളിലെ സ്വര്‍ണ വ്യപാരികള്‍ സമരം നടത്തുകയായിരുന്നു. കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുമായി സ്വര്‍ണ വ്യാപാരികള്‍ നേരത്തെ ചര്‍ച്ചനടത്തിയിരുന്നു.

സാധാരണ സ്വര്‍ണത്തിന്റെ തീരുവ അഞ്ചില്‍ നിന്നു പത്തു ശതമാനമാക്കാന്‍ ബജറ്റില്‍ തീരുമാനിച്ചിരുന്നു. ഇതേതുടര്‍ന്ന് സ്വര്‍ണവില മൂന്നു മുതല്‍ നാലു ശതമാനം വരെ വര്‍ധിക്കും. ആഭരണക്കല്ലുകള്‍ക്കു രണ്ടു ശതമാനം കസ്റ്റംസ് തീരുവ ചുമത്താ‍നുമാണ് തീരുമാനിച്ചത്. സ്വര്‍ണ ബാറുകള്‍ക്കും നാണയങ്ങള്‍ക്കും ഇറക്കുമതി തീരുവ രണ്ടു ശതമാനത്തില്‍ നിന്ന് നാലു ശതമാനമാക്കിയാണ് വര്‍ധിപ്പിച്ചത്. ഇതനുസരിച്ച് ഒരു കിലോ ബാറിന് 1.12 ലക്ഷം രൂപ തീരുവയായി അധികം നല്‍കേണ്ടിവരും.