സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ ജനങ്ങളിലേക്ക് നേരിട്ട് എത്തിക്കുന്ന കേന്ദ്രസര്‍ക്കാറിന്റെ പദ്ധതിക്ക് പുതുവര്‍ഷദിനത്തില്‍ തുടക്കമാകും. രാജ്യത്തെ 20 ജില്ലകളിലാണ് ആദ്യഘട്ടത്തില്‍ ഇത് നടപ്പാക്കുന്നത്. കേരളത്തിലെ വയനാട് ജില്ല ഇതില്‍ ഉള്‍പ്പെടും. 2013 അവസാനിക്കുമ്പോഴേക്കും രാജ്യം മുഴുവന്‍ ഇത് നടപ്പാക്കാന്‍ സാധിക്കും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
സര്‍ക്കാറിനും ജനങ്ങള്‍ക്കുമിടയില്‍ ഇടനിലക്കാരെ ഒഴിവാക്കുക എന്നതാണ് ഇത് വഴി പ്രധാനമായും ലക്ഷ്യമിടുന്നത്. പദ്ധതി നടപ്പാക്കുന്ന ജില്ലകളിലെ മുഴുവന്‍ പേര്‍ക്കും ബാങ്ക് അക്കൌണ്ട് ലഭിച്ചുകഴിഞ്ഞു. പട്ടികജാതി-വര്‍ഗ വിദ്യാര്‍ഥികള്‍ക്കുള്ള പോസ്റ്റ് മെട്രിക് സ്‌കോളര്‍ഷിപ്പുകള്‍, പ്രീമെട്രിക് സ്‌കോളര്‍ഷിപ്പുകള്‍, മറ്റു പിന്നാക്കസമുദായ വിദ്യാര്‍ഥികള്‍ക്കുള്ള പോസ്റ്റ് മെട്രിക് സ്‌കോളര്‍ഷിപ്പുകള്‍, ക്ഷേമപദ്ധതിക്കുകീഴില്‍ പരിശീലനം നേടുന്ന പട്ടികജാതി-വര്‍ഗ തൊഴിലന്വേഷകര്‍ക്കുള്ള സ്റ്റൈപെന്‍ഡ്, ധനലക്ഷ്മി പദ്ധതി, ഇന്ദിരാഗാന്ധി മാതൃത്വ സഹയാത യോജന എന്നിവയാണ് ഇപ്പോള്‍ വിതരണം ചെയ്യുക.
അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടാണ് സര്‍ക്കാര്‍ ഈ പദ്ധതി നടപ്പാക്കുന്നത്. അതേസമയം ഭക്ഷ്യസബ്‌സിഡി, ഡീസല്‍, രാസവളസബ്‌സിഡി തുടങ്ങിയവ ഇത്തരത്തില്‍ നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനമായിട്ടില്ല.