വിമാന നിരക്കുകള്‍ 14% വര്‍ദ്ധിച്ചേക്കും

Webdunia
ഞായര്‍, 27 ഫെബ്രുവരി 2011 (15:42 IST)
PRO
PRO
രാജ്യത്തെ നാണയപ്പെരുപ്പം ആഭ്യന്തര വിമാന സര്‍വീസുകളുടെ നിരക്ക് വര്‍ദ്ധനയ്ക്ക് കാരണമായേക്കും. 12 മുതല്‍ 14 ശതമാനം വരെ നിരക്ക് വര്‍ദ്ധന ഈ വര്‍ഷം ഉണ്ടായേക്കും എന്നാണ് സൂചന. നിലവിലെ സ്ഥിതിഗതികള്‍ വിലവിരുത്തി ഒരു യാത്രാ കമ്പനി തയ്യാറാക്കിയ റിപ്പോര്‍ട്ട് പ്രകാരമാണിത്.

ഹോട്ടല്‍ നിരക്കുകള്‍ അഞ്ച് മുതല്‍ ആറ് ശതമാനം വരെ വര്‍ദ്ധിച്ചേക്കും. ഇതോടൊപ്പം കാര്‍ വാടകയും കൂടാനാണ് സാധ്യത. ചുരുക്കത്തില്‍, യാത്ര ചെലവുകള്‍ കഴിഞ്ഞ വര്‍ഷത്തേതില്‍ നിന്നും വളരെയധികം ഉയര്‍ന്നേക്കുമെന്നാണ് കണക്കുകള്‍ നല്‍കുന്ന സൂചന.

യാത്ര ബില്ലുകള്‍ പരമാവധി ചുരുക്കാനുള്ള ചില എളുപ്പവഴികളും റിപ്പോര്‍ട്ടിലുണ്ട്. ടിക്കറ്റുകള്‍ തിടുക്കപ്പെട്ട് ബുക്ക് ചെയ്യുന്നത് കൂടുതല്‍ പണം നഷ്‌ടപ്പെടാന്‍ കാരണമാകും. 14 ദിവസം മുമ്പെങ്കിലും ടിക്കറ്റുകള്‍ എടുത്ത് വയ്ക്കുന്നതാണ് ഗുണം ചെയ്യുകയെന്നും റിപ്പോര്‍ട്ടിലുണ്ട്. എന്നാല്‍ 50 ശതമാനം ടിക്കറ്റുകളും മൂന്ന് ദിവസം മുമ്പ് മാത്രമാണ് ബുക്ക് ചെയ്യപ്പെടുന്നത്.

റീഫണ്ട് ചെയ്യാന്‍ സാധിക്കാത്ത ടിക്കറ്റുകള്‍ ക്യാന്‍സല്‍ ചെയ്യുന്നതും ഭീമമായ നഷ്‌ടത്തിന് കാരണമാകും.