ദമ്പതിമാര്‍ക്കിടയിലെ പ്രശ്‌നങ്ങള്‍ അവരുടെ കുട്ടികളില്‍ മാനസിക സംഘര്‍ഷം സൃഷ്ടിക്കുന്നതായി വനിത കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ അഡ്വ.പി.സതിദേവി. തൈക്കാട് പിഡബ്ല്യുഡി റസ്റ്റ് ഹൗസില്‍ നടന്ന തിരുവനന്തപുരം ജില്ലാതല അദാലത്തിനുശേഷം സംസാരിക്കുകയായിരുന്നു ചെയര്‍പേഴ്‌സണ്‍. ഈ കുട്ടികളില്‍ പലര്‍ക്കും കൗണ്‍സിലിംഗ് ആവശ്യമായി വരുന്നുണ്ട്.
നിയമപരമായ അവകാശത്തിനായി ഭാര്യ പരാതിപ്പെടുമ്പോള്‍ ആ നിയമത്തിന്റെ പരിധിയില്‍ നിന്ന് രക്ഷപ്പെടാന്‍ ഒളിവില്‍ പോകുന്ന ഭര്‍ത്താക്കന്മാരുമുള്ളതായി കണ്ടുവരുന്നു. ഇത്തരത്തിലുള്ള രണ്ട് കേസുകളാണ് അദാലത്തിന്റെ പരിഗണനയ്ക്ക് വന്നത്. പുരുഷന്റെ വീട്ടുകാര്‍ക്ക് അയാള്‍ എവിടെയാണെന്ന് അറിയാം. എന്നാല്‍ ഒളിവിലാണ് പുരുഷന്‍. ഫോണില്‍ പോലും അയാളെ ബന്ധപ്പെടാന്‍ കഴിയാത്ത അവസ്ഥയാണെന്ന് പരാതിക്കാര്‍ ബോധിപ്പിച്ചു. ഈ കേസുകളില്‍ പൊലീസിന്റെ റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്.
ലിവിങ് ടുഗദറിന്റെ അര്‍ത്ഥം മനസ്സിലാക്കാതെയാണ് പലരും ഇത്തരം ബന്ധങ്ങളില്‍ ഏര്‍പ്പെടുന്നതെന്ന് ചില പരാതികളില്‍ നിന്നും മനസ്സിലാകുന്നു. സാധാരണ വിവാഹബന്ധം വേര്‍പിരിയുന്ന പോലെയാണ് ലിവിങ് ടുഗതര്‍ ബന്ധങ്ങളെയും സ്ത്രീകള്‍ കാണുന്നത്. എന്നാല്‍ നിയമത്തെക്കുറിച്ച് പുരുഷന്മാര്‍ ബോധവാന്മാരുമാണ്. ഇത് സംബന്ധിച്ച അവബോധം സ്ത്രീകള്‍ക്ക് നല്‍കേണ്ടതായുണ്ടെന്നും വനിതാ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ പറഞ്ഞു.