സമൂഹമാധ്യമത്തില്‍ അശ്ലീല കമന്റിട്ടയാള്‍ക്കെതിരെ പൊലീസില്‍ പരാതി നല്‍കി കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പി.പി.ദിവ്യ. ദിവ്യയുടെ മകള്‍ക്കെതിരെയാണ് ഇയാള്‍ അശ്ലീല കമന്റിട്ടിരിക്കുന്നത്. കമന്റ് ഇട്ടയാളുടെ വിവവരങ്ങളും സ്‌ക്രീന്‍ഷോട്ടുകളും ഫെയ്‌സ്ബുക്ക് കുറിപ്പില്‍ ദിവ്യ ചേര്‍ത്തിട്ടുണ്ട്. കണ്ണൂര്‍ വനിതാ പൊലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തതായും ദിവ്യ പറഞ്ഞു.
ദിവ്യയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
സമൂഹ മാധ്യമങ്ങളില്‍ സ്ത്രീകള്‍ക്കെതിരെ നടക്കുന്ന അധിക്ഷേപങ്ങള്‍, അപമാനങ്ങള്‍ വര്‍ദ്ധിക്കുകയാണ്....സര്‍വ്വ മേഖലയിലും സ്ത്രീകളുടെ കടന്നു വരവ് അവളുടെ സ്വാതന്ത്ര്യ പ്രഖ്യാപനമാണ്. അതില്‍ അസ്വസ്ഥമാവുന്ന ഒരു വലിയ വിഭാഗം ഉണ്ട്.
ചിലര്‍ക്കു എന്ത് അശ്ലീലവും വിളിച്ചു പറയാന്‍ ഒരിടം. അത്തരം ആളുകളുടെ മുഖം പലപ്പോഴും അദൃശ്യമാണ്. അമ്മയോടും പെങ്ങളോടും, ഭാര്യയോടും ഉള്ള സമീപനം എന്താണോ അതു തന്നെയാണ് ഇത്തരക്കാര്‍ സമൂഹ മാധ്യമങ്ങളില്‍ ചെയ്യുന്നത്.