എന്‍.എം.വിജയന്റെ മരണം: കോണ്‍ഗ്രസ് എംഎല്‍എ ഐ.സി.ബാലകൃഷ്ണനെതിരെ ആത്മഹത്യ പ്രേരണാക്കുറ്റത്തിനു കേസ്

രേണുക വേണു

വ്യാഴം, 9 ജനുവരി 2025 (11:32 IST)
IC Balakrishnan - Congress

സഹകരണ ബാങ്കുകളിലെ നിയമനക്കോഴയുമായി ബന്ധപ്പെട്ട് വയനാട് ഡിസിസി ട്രഷറര്‍ എന്‍.എം.വിജയന്‍ ജീവനൊടുക്കിയ സംഭവത്തില്‍ ഐ.സി.ബാലകൃഷ്ണന്‍ എംഎല്‍എയെ ഒന്നാം പ്രതിയാക്കി കേസെടുത്തു. ഡിസിസി മുന്‍ പ്രസിഡന്റ് കൂടിയാണ് വയനാട് ജില്ലയിലെ പ്രബലനായ കോണ്‍ഗ്രസ് നേതാവ് ഐ.സി.ബാലകൃഷ്ണന്‍. ആത്മഹത്യ പ്രേരണാക്കുറ്റത്തിനാണു എംഎല്‍എയ്‌ക്കെതിരെ കേസെടുത്തിരിക്കുന്നത്. 
 
ഡിസിസി പ്രസിഡന്റ് എന്‍.ഡി.അപ്പച്ചന്‍, മുന്‍ ഡിസിസി ട്രഷറര്‍ കെ.കെ.ഗോപിനാഥന്‍, അന്തരിച്ച ഡിസിസി പ്രസിഡന്റ് പി.വി.ബാലചന്ദ്രന്‍ എന്നിവരാണു മറ്റു പ്രതികള്‍. തന്റെ ജീവന് എന്തെങ്കിലും സംഭവിക്കുകയാണെങ്കില്‍ ഈ നാലു നേതാക്കള്‍ക്കുമായിരിക്കും ഉത്തരവാദിത്തമെന്നു വിജയന്റെ ആത്മഹത്യക്കുറിപ്പിലുണ്ട്. ബത്തേരി പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. എന്‍.എം.വിജയനും മകന്‍ ജിജേഷും ജീവനൊടുക്കിയതിനു പിന്നില്‍ കോണ്‍ഗ്രസ് നേതാക്കള്‍ തന്നെയെന്ന് വ്യക്തമാക്കുന്ന ആത്മഹത്യാക്കുറിപ്പ് നേരത്തെ പുറത്തുവന്നിരുന്നു. മുന്‍ ഡിസിസി പ്രസിഡന്റ് ഐ.സി.ബാലകൃഷ്ണന്‍ എംഎല്‍എ, ഇപ്പോഴത്തെ ഡിസിസി പ്രസിഡന്റ് എന്‍.ഡി.അപ്പച്ചന്‍ തുടങ്ങിയവര്‍ തട്ടിയെടുത്ത പണത്തിന്റെയും പാര്‍ട്ടിക്കു വേണ്ടി ഏറ്റെടുക്കേണ്ടി വന്ന ലക്ഷങ്ങളുടെ കടബാധ്യതയുമാണ് ആത്മഹത്യയിലേക്കു നയിച്ചതെന്ന് കുറിപ്പില്‍ വ്യക്തമായി പറയുന്നുണ്ട്. 
 
ആത്മഹത്യ ചെയ്ത വിജയന്റെ മകന്‍ വിജേഷ് പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും കെപിസിസി അധ്യക്ഷന്‍ കെ.സുധാകരനും മരണക്കുറിപ്പ് എത്തിച്ചു നല്‍കിയിരുന്നു. കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ ഗുരുതര ആരോപണങ്ങള്‍ ഉള്ള ഈ ആത്മഹത്യാക്കുറിപ്പ് കണ്ടില്ലെന്നു നടിക്കുകയാണ് ഇരുവരും ചെയ്തത്. മരണക്കുറിപ്പ് കിട്ടിയിട്ടും കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വം ചെറുവിരല്‍ അനക്കാന്‍ തയ്യാറായില്ല. ഇതേ തുടര്‍ന്നാണ് മരണക്കുറിപ്പ് കുടുംബം മാധ്യമങ്ങളിലൂടെ പുറത്തുവിട്ടത്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍