വിപണിപിടിക്കാന്‍ ഹൃത്വിക്കുമായി കോക്ക്

Webdunia
വെള്ളി, 29 ഫെബ്രുവരി 2008 (10:40 IST)
ആഗോള ശീതളപാനീയ രംഗത്ത് മുന്നില്‍ നില്‍ക്കുന്ന കൊക്കകോള ഇന്ത്യയില്‍ ബോളിവുഡ് താരം ഹൃത്വിക് രോഷനുമായി ചേര്‍ന്ന് വന്‍‌തോതിലുള്ള പരസ്യം നല്‍കാനായി തീരുമാനിച്ചു. അടുത്തുവരുന്ന ഉഷ്ണകാലത്തെ വിപണിയിലെ മുന്നേറ്റം ലക്‍ഷ്യമാക്കിയാണ് കോക്ക് ഇത്തരമൊരു പദ്ധതിക്ക് തയ്യാറെടുക്കുന്നത്.

3,200 കോടിയുടെ വ്യാപാരമാണ് നിലവില്‍ രാജ്യത്തെ ശീതളപാനീയ വിപണിയിലുള്ളത്. 2006 ലും ഹൃത്വിക്കുമായി ചേര്‍ന്ന് കോക്ക് രംഗത്തെത്തിയിരുന്നു, ധൂം2 എന്ന പേരിലായിരുന്നു ഇത്. ഇപ്പോള്‍ ഒരു കോടി രൂപ വരുന്ന ടെലിവിഷന്‍ കാമ്പയിനാണ് ഇതിനായി കമ്പനി സംഘടിപ്പിക്കുന്നത്. ജഷന്‍ മനാ ലേ എന്നാണ് ഇതിന്‍റെ മുദ്രാവാക്യം.

രാജ്യത്തെ യുവജനങ്ങളെ ലക്‍ഷ്യമാക്കിയാണ് കമ്പനി പരസ്യം തയ്യാറാക്കിയിരിക്കുന്നത്. ടെലിവിഷന്‍ വഴിയുള്ള പരസ്യങ്ങള്‍ കൂടാതെ റോഡ് ഷോ, വിവിധ മത്സരങ്ങള്‍ എന്നിവയും ഒരുക്കാനുള്ള തയ്യാറെടുപ്പിലാണ് കമ്പനി.

കോക്കിന്‍റെ തന്നെ ഉല്‍പ്പന്നങ്ങളായ മാസ, പള്‍പ്പി ഓറഞ്ച്, സ്പ്രൈറ്റ്, ഫാന്‍റ എന്നിവയുടേയും പരസ്യങ്ങള്‍ ഇപ്പോള്‍ തന്നെ ആരംഭിച്ചുകഴിഞ്ഞു. അക്ഷയകുമാറിനെ വച്ച് ഇപ്പോള്‍ തന്നെ കോക്ക് മറ്റൊരു പരസ്യവും ആരംഭിച്ചുകഴിഞ്ഞു.