രൂപയ്ക്ക് നേരിയ ഇടിവ്

Webdunia
ചൊവ്വ, 14 ഓഗസ്റ്റ് 2007 (15:15 IST)
വിദേശനാണ്യ വിപണിയില്‍ ഡോളറിനെതിരെയുള്ള രൂപയുടെ വിനിമയ നിരക്കില്‍ ചൊവ്വാഴ്ച നേരിയ ഇടിവുണ്ടായി. ബാങ്കുകളും എണ്ണക്കമ്പനികളും ഡോളര്‍ വാങ്ങിക്കൂട്ടിയതാണ് രൂപയുടെ വിനിമയ നിരക്കില്‍ ഇടിവുണ്ടാകാന്‍ കാരണമെന്ന് സൂചനയുണ്ട്.

ചൊവ്വാഴ്ച രാവിലെ വിപണി ആരംഭിച്ച സമയത്ത് വിനിമയ നിരക്ക് ഡോളറിനെതിരെ 40.64/66 രൂപാ എന്ന നിരക്കിലായിരുന്നു. തിങ്കളാഴ്ച വൈകിട്ട് വിപണി ക്ലോസിംഗ് സമയത്ത് രൂപയുടെ വിനിമയ നിരക്ക് 40.6250/6350 എന്ന തോതിലായിരുന്നു.

എന്നാല്‍ ചൊവാഴ്ച വിപണി ആരംഭിച്ച് കുറച്ച് കഴിഞ്ഞപ്പോഴേക്കും വിനിമയ നിരക്ക് വീണ്ടും കുറഞ്ഞു - 40.6650/6750 എന്ന നിലയിലേക്ക് താണു.

രാജ്യത്തെ എണ്ണയുടെ ആവശ്യം നിറവേറ്റാന്‍ ആവശ്യത്തിന്‍റെ മൂന്നില്‍ രണ്ടു ഭാഗവും ഇറക്കുമതി ചെയ്യേണ്ടി വരുന്നതിനാല്‍ എണ്ണ കമ്പനികള്‍ക്ക് വിദേശ വിനിമയം നടത്താന്‍ ഡോളര്‍ തന്നെ വേണം. ഇതിനാലാണ് എണ്ണക്കമ്പനികള്‍ ഡോളര്‍ വാങ്ങിക്കൂട്ടാന്‍ തയാറായതും.

ഏഷ്യന്‍ ഓഹരി വിപണിയില്‍ പൊതുമേ മിശ്രിത ഫലങ്ങള്‍ ഉളവായതും രൂപയുടെ വിലയില്‍ മികവുണ്ടാകാതിരിക്കാന്‍ കാരണമായി. ആഭ്യന്തര ഓഹരി വിപണിയിലെ സെന്‍‌സെക്‍സ് ചൊവ്വാഴ്ച രാവിലെ 62.43 പോയിന്‍റ് ഉയര്‍ന്നത് നിക്ഷേപകരെ ആശ്വസിപ്പിക്കാന്‍ പോന്നതായിരുന്നു.