യുഎസ് ജിഡിപി ഇടിഞ്ഞു

Webdunia
വെള്ളി, 27 മാര്‍ച്ച് 2009 (12:28 IST)
യുഎസ് സാമ്പത്തിക വളര്‍ച്ച കഴിഞ്ഞ വര്‍ഷത്തിന്‍റെ അവസാന പാദത്തില്‍ ഗണ്യമായി ഇടിഞ്ഞു. 6.3 ശതമാനത്തിന്‍റെ ഇടിവാണ് ഡിസംബര്‍ 31ന് അവസാനിച്ച പാദത്തില്‍ ആഭ്യന്തര ഉല്‍പാദന വളര്‍ച്ചയില്‍ നേരിട്ടത്. കഴിഞ്ഞ 25 വര്‍ഷത്തെ ഏറ്റവും വലിയ തകര്‍ച്ചയാണിത്.

ഈ പാദത്തിലും വളര്‍ച്ചാ നിരക്ക് മെച്ചപ്പെടില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. തൊഴിലില്ലായ്മ രാജ്യത്ത് രൂക്ഷമായി തുടരുകയാണ്. രാജ്യത്ത് തൊഴിലില്ലാ വേതനം വാങ്ങുന്നവരുടെ എണ്ണം കഴിഞ്ഞ ആഴ്ചയിലെ കണക്കുകള്‍ പ്രകാരം 5.56 മില്യണ്‍ ആണ്. സാമ്പത്തിക വിദഗ്ദ്ധര്‍ പ്രവചിച്ച 5.48 മില്യണേക്കാള്‍ ഉയര്‍ന്ന നിരക്കാണിത്.
നടപ്പ് വര്‍ഷത്തിന്‍റെ ആദ്യപാദത്തില്‍ വളര്‍ച്ച അഞ്ച് മുതല്‍ ആറ് ശതമാനം വരെ കുറയുമെന്നാണ് നിരീക്ഷകര്‍ അഭിപ്രായപ്പെടുന്നത്.

അതേസമയം സാമ്പത്തിക മാന്ദ്യം അമെരിക്കയില്‍ അവസാനിക്കുന്നതിന്‍റെ സൂചനകള്‍ കണ്ടുതുടങ്ങിയതായി പ്രസിഡന്‍റ് ബരാക് ഒബാമ ചൊവ്വാഴ്ച പ്രഖ്യാപിച്ചിരുന്നു. സര്‍ക്കാര്‍ അവതരിപ്പിച്ച 3.6 ട്രില്യണ്‍ ബജറ്റ്‌ പാസാകുകയാണെങ്കില്‍ അടുത്ത 20 വര്‍ഷത്തേക്ക്‌ അമേരിക്കയ്ക്ക്‌ സാമ്പത്തിക പ്രതിസന്ധിയെ അഭിമുഖീകരിക്കേണ്ടി വരില്ലെന്നും ഒബാമ അഭിപ്രായപ്പെട്ടു. ബജറ്റില്‍ പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും, വിപണിയിലേക്കുള്ള പണമൊഴുക്കിനുമാണ്‌ ഊന്നല്‍ നല്‍കിയിരിക്കുന്നത്.