പരസ്യത്തിലും അമീര്‍ തന്നെ താരം

Webdunia
വ്യാഴം, 21 ജനുവരി 2010 (15:09 IST)
PRO
പരസ്യ മേഖലയിലും ബോളിവുഡ് താരങ്ങള്‍ മത്സരിക്കുകയാണ്. ത്രീ ഇഡിയറ്റ്സിലൂടെ ജനശ്രദ്ധ നേടിയ രഞ്ചോദാസ് ശ്യാമള്‍ദാസ് ചഞ്ചാദ് എന്ന അമീര്‍ ഖാന്‍റെ വേഷവും ‘ആള്‍ ഈസ് വെല്‍’ എന്ന ഡയലോഗും ഇനി പരസ്യ വാചകമാകും. ഇന്ത്യയിലേക്ക് വരുന്ന യു എ ഇ ടെലികോം കമ്പനിയായ എതിസലാത് മൂന്ന് വര്‍ഷത്തേക്ക് അമീര്‍ഖാനുമായി 35 കോടിയുടെ കരാര്‍ ഒപ്പുവച്ചു. ഇന്ത്യന്‍ പരസ്യ ചരിത്രത്തിലെ ഏറ്റവും വലിയ കരാറാണ് അമീര്‍ഖാന്‍ സ്വന്തമാക്കിയിരിക്കുന്നത്.

നിലവില്‍ ഷാരൂഖ് ഖാനാണ് പരസ്യത്തിലെ ബോളിവുഡ് സൂപ്പര്‍ സ്റ്റാര്‍. ആറ് മുതല്‍ എട്ടു കോടി വരെയാണ് പ്രതിവര്‍ഷം കിംഗ് ഖാന്‍ പരസ്യ കമ്പനികളില്‍ നിന്ന് വാങ്ങുന്നത്. ത്രീ ഇഡിയറ്റ്സിലെ തകര്‍പ്പന്‍ അഭിനയമാണ് അമീറിന് അമീറിന് പരസ്യ രംഗത്ത് ഷാരൂഖിനേക്കാള്‍ വില ഉയരാന്‍ കാരണമെന്നാണ് വിലയിരുത്തല്‍. എന്നാല്‍, ത്രീ ഇഡിയറ്റ്സ് റിലീസാകുന്നതിന് മുന്‍പ് തന്നെ അമീറുമായി തങ്ങള്‍ കരാറിലെത്തിയിരുന്നു എന്നാണ് എതിസലാത് പറയുന്നത്.

കഴിഞ്ഞ മാസം പുറത്തിറങ്ങിയ ത്രീ ഇഡിയറ്റ്സ് പത്ത് ദിവസം കൊണ്ട് 240 കോടി രൂപ കളക്ഷന്‍ നേടി ഇന്ത്യന്‍ സിനിമാ ചരിത്രത്തിലെ ഏറ്റവും വലിയ നേട്ടത്തിന്‍റെ റെക്കോര്‍ഡ് സ്വന്തമാക്കിയിരുന്നു. സിനിമ ഹിറ്റായതോടെ അമീറിന്‍റെ താരമൂല്യം വര്‍ധിക്കുകയും ചെയ്തു. നിലവില്‍ പാര്‍ലെ, കൊക്കോകോള, ടാറ്റ സ്കൈ, സാംസങ്ങ് എന്നിവയുടെ പരസ്യങ്ങളില്‍ അമീറാണ് താരം.

എന്നാല്‍, പുതിയ പരസ്യ കരാര്‍ സംബന്ധിച്ച് അമീര്‍ഖാന്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. മറ്റ് ടെലികോം കമ്പനികളും താരങ്ങളെ വച്ചാണ് പരസ്യം ചെയ്തിരിക്കുന്നത്. ഷാരൂഖ് ഖാനെ ഉപയോഗിച്ചാണ് എയര്‍ടെലിന്‍റെ പ്രചാരണം. ഇന്ത്യന്‍ ക്യാപ്റ്റന്‍ മഹേന്ദ്രസിംഗ് ധോണിയാണ് എയര്‍സെല്‍ മൊബൈലിന്‍റെ പരസ്യ താരം. സാമ്പത്തിക മാന്ദ്യത്തില്‍ നിന്ന് കരകയറുന്നതോടെ കമ്പനികള്‍ പരസ്യ മേഖലയില്‍ കൂടുതല്‍ തുക മുടക്കാന്‍ തയ്യാറാകുമെന്നാണ് വിലയിരുത്തല്‍. ഇതോടെ പരസ്യ മേഖലയിലും ഒരു ‘ഖാന്‍ യുദ്ധം’ കാണേണ്ടി വരും.