രാജ്യത്തെ പണപ്പെരുപ്പ നിരക്ക് 10.68 ശതമാനമായി കുറഞ്ഞു. ഒക്‍ടോബര്‍ 18 ന് അവസാനിച്ച ആഴ്ചയിലെ മൊത്തവിലവിവര സൂചിക അനുസരിച്ച് റിസര്‍വ് ബാങ്ക് പുറത്തുവിട്ടതാണീ വിവരം.
അതേ സമയം കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ പണപ്പെരുപ്പ നിരക്ക് 3.11 ശതമാനം മാത്രമായിരുന്നു. അവലോകന കാലയളവില്‍ ഉല്‍പ്പാദന മേഖലയിലെ വിലക്കുറവും കുറഞ്ഞ വിലയില്‍ ഇന്ധന ലഭ്യതയുണ്ടായതുമാണ് പ്രധാനമായും പണപ്പെരുപ്പ നിരക്ക് കുറയാനിടയായത്.
ഒക്‍ടോബര്‍ നാലിന് അവസാനിച്ച ആഴ്ചയിലെ പണപ്പെരുപ്പ നിരക്ക് 11.53 ശതമാനമായിരുന്നെങ്കില്‍ ഒക്ടോബര്‍ 11 ന് അവസാനിച്ച ആഴ്ചയിലെ പണപ്പെരുപ്പ നിരക്ക് 10.92 ശതമാനമായി താണിരുന്നു. ഇതാണിപ്പോള്‍ വീണ്ടും താഴേക്ക് പോയത്.
സാമ്പത്തിക മേഖലയില്‍ പ്രതിസന്ധി നേരിടുന്ന ഈയവസരത്തില്‍ പണപ്പെരുപ്പ നിരക്ക് വീണ്ടും കുറഞ്ഞത് സര്‍ക്കാരിനും റിസര്‍വ് ബാങ്കിനും ഒരുപോലെ ആശ്വാസമേകുന്ന കാര്യമാണ്. പണപ്പെരുപ്പ നിരക്ക് കുറയ്ക്കുന്നതിനായി സര്‍ക്കാരും ആര്‍.ബി.ഐ യും എടുത്ത കടുത്ത നടപടികള്‍ ഫലപ്രദമാവാന്‍ തുടങ്ങി എന്നാണ് ഇത് സൂചിപ്പിക്കുന്നത് എന്ന് സാമ്പത്തിക വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നു.
2008 ജൂണ്‍ ആദ്യ വാരത്തില്‍ പണപ്പെരുപ്പ നിരക്ക് 8.75 ശതമാനം മാത്രമായിരുന്നു. എന്നാല്‍ തുടര്‍ന്നുള്ള ആഴ്ചകളില്‍ പണപ്പെരുപ്പ നിരക്ക് രണ്ടക്കത്തിലേക്ക് പെട്ടന്നായിരുന്നു കുതിച്ചുയര്‍ന്നത്. പെട്രോള്‍, ഡീസല്‍, എല്‍.പി.ജി എന്നിവയുടെ വില വര്‍ദ്ധനയാണ് അന്ന് പ്രധാനമായും പണപ്പെരുപ്പ നിരക്ക് ഗണ്യമായി ഉയര്‍ത്തിയത്.
വായ്പാ ലഭ്യത ഉറപ്പുവരുത്താന്‍ ആര്‍.ബി.ഐ റിപ്പോ നിരക്കും ധനനിക്ഷേപ അനുപാത നിരക്കും കുറച്ചത് പണപ്പെരുപ്പ നിരക്ക് കുറയ്ക്കാന്‍ മറ്റൊരു കാരണമായി.
അവലോകന കാലയളവില്‍ ഭക്‍ഷ്യവസ്തുക്കളായ പയറുവര്‍ഗ്ഗങ്ങള്‍, പഴം,ഗോതമ്പ് എന്നിവയുടെ വില കുറഞ്ഞു. അതേ സമയം പച്ചക്കറി വില 2.3 ശതമാനം നിരക്കില്‍ ഉയര്‍ന്നപ്പോള്‍ സുഗന്ധവ്യഞ്ജന വില അര ശതമാനവും വര്‍ദ്ധിച്ചു.
ആഗോള എണ്ണ വിപണിയില്‍ ക്രൂഡോയില്‍ വില കുറഞ്ഞതും ഒരളവില്‍ രാജ്യത്തെ പണപ്പെരുപ്പ നിരക്ക് കുറയ്ക്കാന്‍ സഹായമായിട്ടുണ്ട്. ഉല്‍പ്പാദന മേഖലയില്‍ ഇരുമ്പ്, ഉരുക്ക് എന്നിവയുടെ വില അര ശതമാനവും സിങ്ക് വില 11 ശതമാനവും കുറഞ്ഞു.