വരുന്ന ജൂണ്‍ ഒന്നു മുതല്‍ സേവന നികുതി വര്‍ദ്ധിക്കും. മെയ് 19ലെ പതിനാലാം നമ്പര്‍ വിജ്ഞാപനപ്രകാരം പുതിയ നിരക്ക് ജൂണ്‍ ഒന്നുമുതല്‍ നിലവില്‍ വരും. 2015ലെ ധനകാര്യബില്ലിന് രാഷ്‌ട്രപതിയുടെ അംഗീകാരം ലഭിച്ചിരുന്നു. പ്രസ്തുത ബില്ലിലെ നിര്‍ദ്ദേശപ്രകാരം സേവന നികുതിയുടെ നിരക്ക് 14 ശതമാനമായി വര്‍ദ്ധിപ്പിച്ച് കൊണ്ട് കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിച്ചു. ഈ സാഹചര്യത്തിലാണ് വര്‍ദ്ധന.
നിലവില്‍ ഇത് 12.36 ശതമാനമാണ്. പുതിയ നിരക്കായ 14 ശതമാനത്തില്‍ വിദ്യാഭ്യാസ സെസും ഉള്‍പ്പെടുന്നതിനാല്‍ അവ ഇനിമുതല്‍ പ്രത്യേകം നല്കേണ്ടതില്ല.
അടുത്തവര്‍ഷം ഏപ്രിലിലോടെ രാജ്യത്തൊട്ടാകെ ഏകീകൃത ചരക്കു സേവന നികുതി പ്രാബല്യത്തില്‍ വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ചരക്കു സേവന നികുതി എളുപ്പത്തില്‍ നടപ്പാക്കുന്നതിന്റെ ഭാഗമായാണ് സേവനനികുതി 14 ശതമാനത്തിലേക്ക് ഉയര്‍ത്തിയിരിക്കുന്നത്.