ജി.ഡി.പി 7.3 % വര്‍ച്ചനേടിയേക്കും

Webdunia
ശനി, 6 സെപ്‌റ്റംബര്‍ 2008 (07:54 IST)
നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ രാജ്യത്തെ മൊത്ത ആഭ്യന്തര ഉത്പാദനം 7.3 ശതമാനം വര്‍ധന കൈവരിക്കുമെന്ന്‌ റിപ്പോര്‍ട്ട്.

അമേരിക്കയിലെ പ്രസിദ്ധ നിക്ഷേപക ബാങ്കിംഗ് സ്ഥാപനമായ ലേഹ്മന്‍ ബ്രദേഴ്സിന്‍റെ റിപ്പോര്‍ട്ടിലണ് ഇത് സംബന്ധിച്ച വിവരമുള്ളത്‌.

മൊത്ത ജി.ഡി.പി വളര്‍ച്ച എട്ട്‌ ശതമാനം എന്ന നിലയില്‍ കൈവരിക്കാനാകുമെന്നാണ്‌ റിസര്‍വ്‌ ബാങ്ക്‌ കണക്കുകൂട്ടിയിരുന്നത്‌. 2008-09 ലെ ഒന്നാം പാദത്തില്‍ ഈയിനത്തില്‍ 7.9 ശതമാനം സാമ്പത്തിക വളര്‍ച്ചയാണ്‌ രേഖപ്പടുത്തിയത്‌.

അതേ സമയം കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിലെ വളര്‍ച്ചാ നിരക്ക്‌ 9.2 ശതമാനമായിരുന്നു. പലിശ നിരക്കിലുണ്ടായ വര്‍ധന, അസംസ്കൃത വസ്തുക്കളുടെ വിലക്കയറ്റം, ഉപഭോക്താക്കളുടെ വാങ്ങലുകളിലുണ്ടായ കുറവ്‌, വിദേശ ആവശ്യക്കാരിലുണ്ടായ കുറവ്‌ എന്നീ ഘടകങ്ങളാണ്‌ സാമ്പത്തിക വളര്‍ച്ചാ നിരക്ക്‌ കുറയാന്‍ പ്രധാന കാരണങ്ങളായി റിപ്പോര്‍ട്ട് പറയുന്നത്.

നിലവിലെ കണക്കനുസരിച്ച് വ്യവസായ മേഖലയില്‍ മാത്രമാണ്‌ ഇതുവരെയും മാന്ദ്യം ഉണ്ടായിരുന്നത്‌. എന്നാല്‍ ഈ മാന്ദ്യം സേവനമേഖലകളിലേക്കും പ്രത്യേകിച്ചു ഫിനാന്‍ഷ്യന്‍, റിയല്‍ എസ്റ്റേറ്റ്‌, ഐടി മേഖലകളിലേക്കു കൂടി വ്യാപിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട് നല്‍കുന്ന സൂചന.