ചൈനയ്ക്കെതിരെ ഇന്ത്യയുടെ പരുത്തി വിപ്ലവം

Webdunia
ബുധന്‍, 23 ഫെബ്രുവരി 2011 (21:20 IST)
പ്രതിരോധ രംഗത്ത് ചൈന ഇന്ത്യക്കുയര്‍ത്തുന്ന വെല്ലുവിളികളെക്കുറിച്ചാണ് ഇപ്പോള്‍ എല്ലായിടത്തും സംസാരം. എന്നാല്‍ ചൈനക്കെതിരെ ഇന്ത്യ ഉയര്‍ത്തുന്ന ഒരു വെല്ലുവിളി ആരും ശ്രദ്ധിക്കാതെ പോകുന്നു. പരുത്തി വ്യവസായരംഗത്ത് ഇന്ത്യ ചൈനയെ 2015-ഓടെ മറികടക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

വരും വര്‍ഷങ്ങളില്‍ പരുത്തിക്കൃഷിയില്‍ ജൈവസാങ്കേതികതയുടെ ഉപയോഗം വളരെ വര്‍ദ്ധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇത് നടപ്പുവര്‍ഷം ചൈനയുടെ പരുത്തി ഉത്പാദനം 45 ദശലക്ഷം ബെയ്‌ല്‍‌സ് ‌(1 ബെയ്‌ല്‍=175 കിലോഗ്രാം) ആയിരിക്കുമെന്നാണ് കണക്ക് കൂട്ടുന്നത്. കോട്ടണ്‍ ഉത്പാദനത്തില്‍ രണ്ടാം സ്ഥാ‍നത്തുള്ള ഇന്ത്യ പ്രതിവര്‍ഷം 33.9 ദശലക്ഷം ബെയ്‌ല്‍‌സ് ഉത്പാദനം നടത്തുന്നു.

കഴിഞ്ഞ ഒരു ദശകത്തിനിടയില്‍ ഇന്ത്യ കോട്ടണ്‍ ഉത്പാദനരംഗത്ത് നടത്തിയ മുന്നേറ്റങ്ങളുടെ ഗ്രാഫ് പരിശോധിക്കുമ്പോള്‍ വളരെ താമസിക്കാതെ തന്നെ ചൈനയെ പിന്തള്ളാന്‍ കഴിയുമെന്ന് ഇസാ (The International Service for the Acquisition of Agri-biotech Applications) കോര്‍ഡിനേറ്റര്‍ ഭഗിരഥ് ചൌധരി പറഞ്ഞു. കളനാശിനികളുടെ ഉപയോഗം കുറയ്ക്കുവാന്‍ സഹായിക്കുന്ന ജനിതക കൃത്രിമ വിളകളുടെ ഉപയോഗം അടുത്ത വര്‍ഷങ്ങളില്‍ അധികരിക്കുമെന്നത് ഈ പ്രവണതയെ ശക്തിപ്പെടുത്തുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ജനിതക വിളകളുടെ ഉയര്‍ന്ന ഉപയോഗത്തിന് സര്‍ക്കാരിന്‍റെ നിയമനിര്‍മാണത്തിന് കാത്തു നില്‍ക്കുകയാണെന്നും ചൌധരി പറഞ്ഞു.

അതേസമയം, അമേരിക്കയിലും മറ്റും ജനിതകവിളകളുടെ ഉപയോഗം വഴി പരുത്തിക്കൃഷി നഷ്ടത്തിലായ വസ്തുതകള്‍ ചൂണ്ടിക്കാട്ടി പരിസ്ഥിതിപ്രവര്‍ത്തകര്‍ രംഗത്തുണ്ട്. കൂടാതെ ജനിതക വിത്തുകള്‍ വന്‍ കുത്തകക്കമ്പനികളുടെ പക്കല്‍ നിന്ന് വാങ്ങേണ്ടിവരുന്നത് കര്‍ഷകരെ ആശ്രിതത്വത്തിലാക്കുമെന്നും അവര്‍ പറയുന്നു. എന്നാല്‍, ഇടതുപക്ഷമടക്കമുള്ള പ്രതിപക്ഷ കക്ഷികള്‍ ജനിതകവിളകളെ അനുകൂലിച്ച് രംഗത്തുള്ളതിനാല്‍ നിയമ നിര്‍മ്മാണം സര്‍ക്കാരിന് എളുപ്പമായിരിക്കും.

ഇന്ത്യയിലെ 80 ശതമാനത്തോളം പരുത്തിക്കൃഷി ജനിതക വിത്ത് ഉപയോഗിച്ചാണ് നടത്തുന്നത്. കമ്മ്യൂണിസ്റ്റ് ചൈനയില്‍ ഇത് 70 ശതമാനമാണ്.