കൊച്ചിയില്‍ എണ്ണ ഖനനത്തിന് അനുമതി നിഷേധിച്ചു

Webdunia
ശനി, 24 മാര്‍ച്ച് 2012 (12:29 IST)
PRO
PRO
കൊച്ചി തീരത്ത് എണ്ണ ഖനനം നടത്തുന്നതിന് കേന്ദം അനുമതി നിഷേധിച്ചു. കൊച്ചിയിലെ ഖനനമുള്‍പ്പടെ 14 പദ്ധതികള്‍ക്കാണ് അനുമതി നിഷേധിച്ചിരിക്കുന്നത്. ഖനനത്തിന് അനുമതി നല്‍കുന്നത് കേന്ദ്രത്തിനുള്ള ലാഭവിഹിതം കുറയുന്നതിന് കാരണമാകുമെന്ന സാമ്പത്തികകാര്യ സമിതി റിപ്പോര്‍ട്ട് അംഗീകരിച്ചാണ് കേന്ദ്ര മന്ത്രിസഭയുടെ തീരുമാനം.

ഒ എന്‍ ജി സി, ബി പി ആര്‍ എല്‍ എന്നീ കമ്പനികളാണ് പര്യവേഷണത്തിന് അനുമതി തേടിയത്. കൊച്ചിയില്‍ ഖനനം നടത്തുമ്പോള്‍ 6.7 ശതമാനം ലാഭവിഹിതം കേന്ദ്ര സര്‍ക്കാരിന് നല്‍കാമെന്നായിരുന്നു കമ്പനികള്‍ വാഗ്ദാനം ചെയ്തിരുന്നത്. എന്നാല്‍ ഇത് കമ്പനികളെ അപേക്ഷിച്ച് കുറവാണെന്ന് സാമ്പത്തികകാര്യ സമിതി വിലയിരുത്തുകയായിരുന്നു.

അതേസമയം 16 പാചകവാതക, ഖനന പദ്ധതികള്‍ക്ക് മന്ത്രിസഭ അംഗീകാരം നല്‍കിയിട്ടുണ്ട്.

കേരള തീരം ഉള്‍പ്പെടുന്ന കേരള കൊങ്കണ്‍ തടത്തില്‍ ഇന്ധന എണ്ണയുടെ അടിസ്ഥാന ഘടകമായ ഹൈഡ്രോ കാര്‍ബണിന്റെ 660 മില്യണ്‍ മെട്രിക് ടണ്‍ (66 കോടി ടണ്‍) ഉള്ളതായി സാധ്യതാ പഠനത്തില്‍ കണ്ടെത്തിയിരുന്നു. ഇതേ തുടര്‍ന്ന് 2009 ഓഗസ്റ്റ് രണ്ടിന് കൊച്ചി തീരത്ത് ഖനനവും ആരംഭിച്ചിരുന്നു.