കവര്‍ച്ചക്കിടെ കത്തിപ്പോയത് 16 ലക്ഷം രൂപ

Webdunia
വ്യാഴം, 9 മെയ് 2013 (10:31 IST)
PRO
മാന്നാറിലെ എസ്‌ബിഐ എടി‌എം കവര്‍ച്ചാശ്രമത്തിനിടെ കത്തി നശിച്ചത്‌ 16 ലക്ഷത്തോളം രൂപ. കഴിഞ്ഞ ശനിയാഴ്ച മാന്നാര്‍ സ്റ്റോര്‍ ജംഗ്ഷനില്‍ പെട്രോള്‍ പമ്പിനോടു ചേര്‍ന്നുള്ള എസ്ബിഐ ചെങ്ങന്നൂര്‍ ശാഖയുടെഎടിഎമ്മിലാണു കവര്‍ച്ചാശ്രമത്തിനിടെ തീ പടര്‍ന്നത്‌.

ഡല്‍ഹിയില്‍നിന്നെത്തിയ ബാങ്കിന്റെ സാങ്കേതിക വിഭാഗം ഉദ്യോഗസ്ഥര്‍ എടിഎം മെഷീന്‍ തുറന്നപ്പോഴാണു നോട്ടുകള്‍ കത്തിയ നിലയില്‍ കാണപ്പെട്ടത്‌. 15 ലക്ഷം രൂപ വീതം ഉള്‍ക്കൊള്ളുന്ന നാലു ട്രേകളാണ്‌ എടിഎമ്മില്‍ ഉണ്ടായിരുന്നത്‌.

മോഷണശ്രമം നടക്കുമ്പോള്‍ 36,22,000 രൂപയാണ്‌ ഉണ്ടായിരുന്നത്‌. ഇതില്‍ 16,42,000 രൂപ കത്തി നശിച്ചു. ബാക്കി 19,80,000 രൂപയ്ക്കു കേടുപാടുകളില്ല.

ഗ്യാസ്‌ കട്ടര്‍ ഉപയോഗിച്ച്‌ എടിഎം മെഷീന്‍ മുറിച്ച്‌ കവര്‍ച്ച നടത്താനായിരുന്നു ശ്രമം. ഗ്യാസ്‌ കട്ടര്‍ ഉപയോഗിച്ച്‌ മെഷീന്‍ മുറിക്കുന്നതിനിടയില്‍ മെഷീന്റെ ഉള്ളിലേക്ക്‌ തീ പടര്‍ന്ന്‌ നോട്ടുകള്‍ അടുക്കി വച്ചിരുന്ന ട്രേയ്ക്കും നോട്ടുകള്‍ക്കും തീപിടിക്കുകയായിരുന്നു.

തീ പുറത്തേക്ക്‌ പ്രവഹിച്ചതോടെ മോഷ്ടാക്കള്‍ ശ്രമം ഉപേക്ഷിച്ച്‌ കടന്നുകളഞ്ഞു. പ്രതികള്‍ക്കുവേണ്ടിയുള്ള അന്വേഷണം പൊലീസ്‌ നടത്തുകയാണ്‌.